Eid celebration in nkerala

തിരുവനന്തപുരം: വ്രതശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിടനല്‍കി, തക്ബീര്‍ ധ്വനികളുടെ അകമ്പടിയോടെ സംസ്ഥാനത്തെ ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മുപ്പത് ദിവസത്തെ വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവുമായാണ് വിശ്വാസികളുടെ പെരുന്നാള്‍ ആഘോഷം. രാവിലെ പള്ളികളിലും പ്രത്യേക ഈദ് ഗാഹുകളിലുമാണ് പെരുന്നാള്‍ നമസ്‌ക്കാരം നടക്കുക. തുടര്‍ന്ന് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്ത് സൗഹൃദം കൈമാറും. പെരുന്നാളിനോട് അനുബന്ധിച്ച് പലയിടുത്തും ഈദ് മീറ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.

നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തിലുടനീളം പുലര്‍ത്തുമെന്ന പ്രഖ്യാപനത്തിലൂടെയാണ് വിശ്വാസികളുടെ ഈദ് ആഘോഷം. ഇന്നത്തെ പെരുന്നാള്‍ നമസ്‌കാരത്തിന് മുന്നോടിയായി വിശ്വാസികള്‍ ഫിത്തര്‍ സക്കാത്ത് നല്‍കി നോമ്പില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് കൂടി പ്രായ്ശ്ചിത്തം ചെയ്യും.

മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈദ് ആസംസകള്‍ നേര്‍ന്നു. സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രകാശം പ്രസരിപ്പിക്കുന്ന ഈദ് ദിനത്തില്‍ ലോകത്തെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും ആശംസകള്‍ നേരുന്നു. സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശങ്ങള്‍ പടര്‍ത്തിക്കൊണ്ട് എല്ലാ മനസ്സുകളുടേയും ഒരുമ ഉറപ്പിക്കുന്നതാവട്ടെ ഈ ഈദ് ദിനമെന്ന് അദ്ദേഹം ആശംസിച്ചു.

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ഡല്‍ഹിയിലും പരിസരത്തും റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് ഈദ്. ചെന്നൈയിലും ഈദുല്‍ ഫിത്ര്! വ്യാഴാഴ്ചയാണ്. കശ്മീരിന്റെ ചില ഭാഗങ്ങളില്‍ ബുധനാഴ്ചയാണ് പെരുന്നാള്‍. കാര്‍ഗിലില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണിത്.

Top