ദില്ലി: ജമ്മുവിൽ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സതീഷ് ശർമ്മ ശാസ്ത്രിയും എട്ട് പ്രവർത്തകരും ബിജെപിയിൽ ചേർന്നു. രാജ്യത്തെ ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ഇവർ പറയുന്നു.
ജമ്മു ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌നയും എം പി ജുഗൽ കിഷോർ ശർമയും ചേർന്ന് സതീഷ് ശർമ്മ ശാസ്ത്രിയെയും മറ്റുള്ളവരെയും പാർട്ടി ആസ്ഥാനത്ത് സ്വാഗതം ചെയ്തു. സതീഷ് ശർമ്മയ്ക്ക് പുറമേ ആശിഷ് അബ്രോൾ, രാകേഷ് ശാസ്ത്രി, രാകേഷ് ബാലി, അശോക് ശർമ്മ, ദീപക് ശർമ്മ, സുനിതാ ദേവി, ചാരു അബ്രോൾ, മദൻ ലാൽ ശർമ്മ എന്നിവരാണ് എഎപിയിൽ നിന്ന് ബിജെപിയിലേക്ക് മാറിയത്. സതീഷ് ശർമ്മ ശാസ്ത്രി അർപ്പണബോധമുള്ള ഒരു സാമൂഹിക പ്രവർത്തകനാണെന്നും പുതിയ അംഗങ്ങളെല്ലാം പാർട്ടിയുടെ തത്വങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രവീന്ദർ റെയ്‌ന അഭിപ്രായപ്പെട്ടു.
എഎപിയിൽ ചേർന്ന മുൻ തീരുമാനത്തിൽ താൻ പശ്ചാത്തപിക്കുന്നുവെന്നും ബിജെപിക്ക് മാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താൻ കഴിയൂവെന്നും സതീഷ് ശാസ്ത്രി പറഞ്ഞു. എനിക്കിപ്പോൾ ജീവിച്ചിരിക്കുന്നതായി തോന്നുന്നുണ്ട്, തിരിച്ചറിവുണ്ടായി, ജനങ്ങളെ സേവിക്കാൻ തയ്യാറുമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളെ സേവിക്കാനും “ദേശീയ ശക്തികളെ” ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്ന എല്ലാവർക്കുമായി ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി എം പി ജുഗൽ കിഷോർ ശർമ പറഞ്ഞു.