കൊല്ലം: വെള്ളം വറ്റിയ കിണറ്റില്‍ എട്ടോളം പുതിയ ബൈക്കുകള്‍. ചെങ്കോട്ട പെരിയപിളൈള വളസിയിലാണ് സംഭവം. തോട്ടം നനയ്ക്കാനെത്തിയ സ്ഥലം ഉടമസ്ഥനാണ് കിണറ്റില്‍ നിക്ഷേപിച്ചിരിക്കുന്ന ബൈക്കുകള്‍ ആദ്യം കണ്ടത്. പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.
തെങ്ങുകള്‍ നനയ്ക്കുന്നതിന് വെള്ളമെടുക്കുന്ന കിണറ്റിലാണ് ബൈക്കുകള്‍ കണ്ടെത്തിയത്. റോഡരികിലുളള കിണറ്റില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് തോട്ടം. അടുത്തിടെ കിണറ്റില്‍ വെള്ളം കുറഞ്ഞത് പരിശോധിച്ചപ്പോഴാണ് അധികം പഴക്കമില്ലാത്ത ബൈക്കുകള്‍ കണ്ടെത്തിയത്.
സ്ഥല ഉടമ ഉടന്‍ തന്നെ വിവരം ചെങ്കോട്ട പൊലീസിനെ അറിയിച്ചു. പൊലീസെത്തി ബൈക്കുകള്‍ കരയ്ക്ക് കയറ്റി പരിശോധിച്ചു. ബൈക്കുകളുടെ രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ച് ഉടമകളെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.