എട്ട് കുഞ്ഞുങ്ങളുടെ കൊലപാതകത്തില്‍ അറസ്റ്റിലായ നഴ്‌സ് ലൂസി ലെറ്റ്ബിയ്ക്ക് ജാമ്യം

ഇംഗ്ലണ്ട്: എട്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ അറസ്റ്റിലായ നഴ്‌സിന് കോടതി ജാമ്യം അനുവദിച്ചു. ചെസ്റ്റര്‍ ആശുപത്രിയിലെ നവജാത വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന നഴ്‌സ് ലൂസി ലെറ്റ്ബിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷക്കാലമായി കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ നടന്ന കുഞ്ഞുങ്ങളുടെ ദുരൂഹമായ മരണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നഴ്‌സ് ലൂസി ലെറ്റ്ബി അറസ്റ്റിലായത്.

രണ്ട് ദിവസക്കാലമായി ഇവരെ ചോദ്യം ചെയ്ത് വരികയായിരുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നു. വീടിന് ചുറ്റും അരിച്ചുപെറുക്കിയ പൊലീസ് പൂന്തോട്ടം കുഴിച്ചുനോക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. നഴ്‌സിന്റെ ഹെറെഫോര്‍ഡിലെ മാതാപിതാക്കളുടെ വസതിയിലും തെരച്ചില്‍ നടന്നു.

അന്വേഷണം പുരോഗമിക്കുമെന്നും നഴ്‌സിനെ ജാമ്യത്തില്‍ വിട്ടതായും പോലീസ് വ്യക്തമാക്കി. നിരവധി കുടുംബങ്ങളിലും ജീവനക്കാരിലും ആശുപത്രിയിലും പ്രത്യാഘാതം സൃഷ്ടിക്കുന്ന കേസാണിതെന്ന് വക്താവ് പറഞ്ഞു. എല്ലാ കുഞ്ഞുങ്ങളുടെ മാതാപിതാക്കളെയും വിവരങ്ങള്‍ അറിയിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. 2015 മാര്‍ച്ചിനും 2016 ജൂലായ്ക്കുമിടയിലാണ് 14 മരണങ്ങളും സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയത്.

Top