മലപ്പുറം: സിപിഎം നിയന്ത്രണത്തിലുള്ള മലപ്പുറം പറപ്പൂര് റൂറല്‍ സഹകരണ സൊസൈറ്റിയില്‍ നടന്നത് എട്ട് കോടിയുടെ കൊള്ള. രേഖകളില്‍ കൃത്രിമം കാണിച്ചാണ് മൂന്നു വര്‍ഷം മുമ്പ് നൂറുകണക്കിനാളുകളുടെ നിക്ഷേപ തുക തട്ടിയെടുത്തത്. ജീവനക്കാരാണ് പണം തട്ടിയതെന്ന് ഭരണസമിതിയും ആറ് കോടി ഭരണസമിതിയുടെ കൊള്ളയാണെന്ന് ജീവനക്കാരും പറയുന്നു.ഇതിനിടെ 8 കോടിയുടെ ബാധ്യത അടക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും നോട്ടീസ് നല്കി.
സ്ഥിര നിക്ഷേപത്തിലും നിത്യനിധി നിക്ഷേപത്തിലും കൃത്രിമം കാണിച്ച് നിക്ഷേപകരറിയാതെ പണം പിന്‍വലിച്ചായിരുന്നു തട്ടിപ്പ്. പണയം വച്ച സ്വര്ണാഭരങ്ങള് വായ്പ്പ വച്ചവരറിയാതെ എടുത്തുകൊണ്ടുപോയി സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളില്‍ വലിയ തുകക്ക് പണയം വച്ചും പണം തട്ടി.
പരാതിയില്‍ സഹകരണ വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് ജീവനക്കാര്‍ സസ്പെന്‍ഷനിലാണ്. ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസുമുണ്ട്. രണ്ട് കോടിയുടെ തിരമറി നടത്തിയെന്ന് സമ്മതിച്ച സൊസൈറ്റിയിലെ ജീവനക്കാരന് ഇതിന്റെ മറവില്‍ ബാക്കി ആറ് കോടിയുടെ കൊള്ള നടത്തിയത് ഭരണസമിതി അംഗങ്ങളാണെന്നും ആരോപിച്ചു.