അമേരിക്കയില്‍ എട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിസ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

arrest

ഡിട്രോയിറ്റ്: വിസ തട്ടിപ്പ് കേസില്‍ എട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ അറസ്റ്റില്‍. മിസോറി, ന്യു ജേഴ്സി,ന്യൂയോര്‍ക്ക്, ജോര്‍ജിയ,ഒഹിയോ,ടെക്സാസ് എന്നിവിടങ്ങളില്‍ യു.എസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥി വിസ ദുരുപയോഗം ചെയ്യുകയും മറ്റ് വിദ്യാര്‍ഥികളെ യു.എസില്‍ തങ്ങാന്‍ സഹായിക്കുന്ന വ്യാജരേഖകള്‍ ചമച്ചു എന്നതുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഭരത് കാകിറെഡ്ഡി, അശ്വന്ത് നുണ്‍, സുരേഷ് റെഡ്ഡി കണ്ടാല, ഫനിദീപ് കര്‍ണാടി, പ്രേം കുമാര്‍ റാംപീസ, സന്തോഷ് റെഡ്ഡി സമ, അവിനാഷ് തക്കലപ്പള്ളി, നവീന്‍ പാര്‍ഥിപാഠി എന്നിവരാണ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.

തട്ടിപ്പുകാരെ പിടികൂടാനായി അന്വേഷണ ഏജന്‍സികള്‍ ഒരുക്കിയ ഒരുകെണിയിലൂടെയാണ് പ്രതികള്‍ പിടിയിലായത്. അന്വേഷണ സംഘം
ആദ്യം യുണിവേഴ്സിറ്റി ഓഫ് ഫാമിങ്ടണ്‍ എന്ന പേരില്‍ വ്യജ കോളേജ് തയ്യാറാക്കി. ഇത് വ്യാജ കോളേജ് ആണെന്ന് തിരിച്ചറിയാതെ തട്ടിപ്പുകാര്‍ ഈ കോളേജിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് യു.എസില്‍ തങ്ങാനുള്ള രേഖകള്‍ തയ്യാറാക്കുകയായിരുന്നു. ഈ കോളേജിലേക്ക് ഇത്തരത്തില്‍ പ്രവേശനം നേടിയ നിരവധി വിദ്യാര്‍ഥികളെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

രേഖകള്‍ തയ്യാറാക്കി നല്‍കുന്നതിന് ആയിരക്കണക്കിന് ഡോളറാണ് ഇവര്‍ പ്രതിഫലമായി വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയിരുന്നതെന്നും അധികൃതര്‍ പറയുന്നു.

ഹോംലാന്‍ഡ് സെക്യൂരിറ്റി, കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് എന്നീ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത്.

Top