കോഴിക്കോട്: നിപ രോഗലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്കയച്ച എട്ട് സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ ഫലവും നെഗറ്റീവാണ്. എല്ലാവരുടെയും സാമ്പിളുകള്‍ പൂനെ ലാബില്‍ മൂന്നു തവണ പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
48 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. വളരെ അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന ഇവരുടെ ഫലം നെഗറ്റീവായത് ആശ്വാസകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ സാമ്പിളുകള്‍ ഇന്ന് തന്നെ പരിശോധിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു
അതേസമയം നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്. എന്‍.ഐ.വി. പൂന, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് പെട്ടെന്ന് നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടെയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ നടത്തുക.