ഇടുക്കി: യുവതിയുടെ മരണത്തില്‍ എട്ട് വര്‍ഷത്തിന് ശേഷം അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. ഒരു തുണ്ടുഭൂമി പോലുമില്ലാത്ത ഉളുപ്പുണി സ്വദേശി ജെസ്സി മൂന്നേക്കര്‍ സ്ഥലം വിറ്റതിലും തുടര്‍ന്നുള്ള ഇവരുടെ മരണത്തിലും അസ്വഭാവികത കണ്ടതോടെയാണ് നടപടി. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും രംഗത്തെത്തി.
2012 ഡിസംബര്‍ പതിനൊന്നിനായിരുന്നു വാഗണ് ഉളുപ്പുണിയിലെ തോട്ടംതൊഴിലാളിയായ ജെസ്സിയുടെ മരണം. ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് ഭര്‍ത്താവുള്‍പ്പടെയുള്ളവര്‍ പറഞ്ഞത്. അസ്വഭാവികത തോന്നാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്തില്ല. റാണിമുടി എസ്റ്റേറ്റിലെ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് ജെസ്സിയിലേക്കെത്തുന്നത്.
കേസില്‍ ആരോപണവിധേയനായ എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫന്‍ പതിനഞ്ച് വ്യാജ പട്ടയങ്ങളുണ്ടാക്കിയിരുന്നു.അതിലൊന്ന് ജെസ്സിയുടെ പേരിലാണ്. ഇതേ വര്‍ഷം ജനുവരിയില്‍ മൂന്നേക്കര്‍ സ്ഥലം ജെസ്സി തനിക്ക് വിറ്റെന്നാണ് ജോളി സ്റ്റീഫന്‍ പറയുന്നത്.എന്നാല്‍ ജെസ്സിയുടെ പേരില്‍ ഒരു തുണ്ട് ഭൂമി പോലും ഇല്ലെന്ന് ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഇതോടെ മരണത്തെക്കുറിച്ചും സംശയമായി ജെസ്സിയുടെ ഭര്‍ത്താവ് മുരുകന്‍ ഉള്‍പ്പടെയുള്ളവരെ വിശദമായി ചോദ്യം ചെയ്താല്‍ നിജസ്ഥിതി പുറത്തുവരുമെന്ന് സഹോദരന്‍.