ജറുസലേം: വിഖ്യാത ഊര്‍ജതന്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതിയ ‘സന്തോഷ സിദ്ധാന്തം’ 1.5മില്യണ്‍ ഡോളറിന് (10.17 കോടി രൂപ) ലേലത്തില്‍ വിറ്റു.
ദീര്‍ഘകാല ലക്ഷ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന വാക്കുകള്‍ എന്ന വിശേഷണത്തോടെ ജര്‍മന്‍ ഭാഷയില്‍ എഴുതിയതാണ് കുറിപ്പ്.
1922-ല്‍ ടോക്കിയോയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് എഴുതിയതാണ് ഈ കുറിപ്പ്. ഹോട്ടല്‍ മുറിയില്‍ സന്ദേശവുമായി എത്തിയ ആള്‍ക്ക് ടിപ്പ് നല്‍കുന്നതിന് പകരമായി കുറിപ്പ് കൈമാറുകയായിരുന്നു. താങ്കള്‍ ഭാഗ്യവാനാണെങ്കില്‍, ഈ കുറിപ്പ് വിലയുള്ളതാകുമെന്നും അദ്ദേഹത്തോട് ഐന്‍സ്റ്റീന്‍ പറഞ്ഞിരുന്നു.
‘ആഗ്രഹമെവിടെയുണ്ടോ അവിടെ മാര്‍ഗ്ഗവുമുണ്ട്’ എന്നെഴുതിയ ഐന്‍സ്റ്റീന്റെ മറ്റൊരു കുറിപ്പും ഇതോടൊപ്പം ലേലത്തില്‍ വിറ്റു. 1.56 കോടി രൂപയ്ക്കാണ് രണ്ടാമത്തെ ലേലം ചെയ്തത്.
പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് കുറിപ്പുകള്‍ ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.