ബിജെപിയില്‍ വിള്ളലോ? ഫഡ്നാവിസിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം!

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. പിന്നാക്ക വിഭാഗക്കാരായ നേതാക്കളുടെ നേതൃത്വത്തിലാണ് ഫഡ്‌നാവിസിനെതിരെ പടയൊരുക്കം നടത്തുന്നത്.

ഫഡ്നാവിസിന്റെ കടന്നുവരവോടെ തഴയപ്പെട്ട മുന്‍ മന്ത്രിയും പ്രതിപക്ഷ നേതാവുമായ ഏകനാഥ് ഖഡ്സെ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളില്‍ നിന്നു തനിക്കു ക്ഷണമുണ്ടെന്ന് ഖഡ്സെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ അണനിരത്തി കരുത്തുകാട്ടാനുള്ള ശ്രമത്തിലാണ് ഖഡ്സെ.

അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ട കഴിഞ്ഞ ദിവസം പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. പങ്കജ മുണ്ടെയും ഏകനാഥ് ഖഡ്സെയുടെ മകള്‍ രോഹിണി ഖഡ്സെയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. തങ്ങളെ ഫഡ്നാവിസ് ഇടപെട്ട് തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്.താന്‍ ബിജെപി വിട്ട് ശിവസേനയില്‍ ചേരുമെന്ന അഭ്യൂഹം പങ്കജ മുണ്ടെ തള്ളിക്കളഞ്ഞിരുന്നെങ്കിലും ഫഡ്‌നാവിസിനോടും മറ്റും ശക്തമായ വിയോജിപ്പുണ്ട്.

മഹാരാഷ്ട്രയിലെ 45 ശതമാനം വോട്ടര്‍മാരും ഒബിസി വിഭാഗക്കാരാണ്. വിനോദ് താവഡെ, ചന്ദ്രശേഖര്‍ ഭവന്‍കുളെ, പ്രകാശ് ഷെന്‍ഗെ തുടങ്ങിയ ഒബിസി നേതാക്കളെല്ലാം അസ്വസ്ഥരാണ്. ബനിയ-ബ്രാഹ്മിണ്‍ പാര്‍ട്ടിയായിരുന്ന ബിജെപിയെ ഗോപിനാഥ് മുണ്ടെ, മഹാദേവ് ശിവാന്‍കര്‍ തുടങ്ങിയ നേതാക്കളാണ് ഒബിസി വിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ചത്. ബ്രാഹ്മണ വിഭാഗക്കാരനായ ഫഡ്നാവിസിന്റെയും മറാത്ത സമുദായത്തില്‍ നിന്നുള്ള സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും ചേര്‍ന്ന് പിന്നാക്ക വിഭാഗക്കാരെ ഒതുക്കിയെന്നാണ് ഈ നേതാക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ വിഭാഗത്തില്‍ പെട്ടവരെ ഇലക്ഷനില്‍ തിരഞ്ഞുപിടിച്ച് തോല്‍പിക്കുകയും പ്രചാരണത്തില്‍ പോലും പങ്കെടുപ്പിക്കാതെ ഒഴിവാക്കിയെന്നുമാണ് ഈ നേതാക്കളുടെ ആരോപണം.

ഗോപിനാഥ് മുണ്ടെയുടെ ജന്മവാര്‍ഷികമായ ഡിസംബര്‍ 12 ന് മകള്‍ പങ്കജ മുണ്ട വിളിച്ച് ചേര്‍ത്ത യോഗമാണ് നിര്‍ണായകമാകുക. ഗോപിനാഥ് മുണ്ടെ അനുസ്മരണച്ചടങ്ങ് ബിജെപിയിലെ മറ്റു പിന്നാക്കക്കാരുടെ സംഗമമായേക്കും. ഈ വിഭാഗത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരെ ഖഡ്‌സെ ബന്ധപ്പെടുന്നുണ്ട്.

Top