ബി.ജെ.പി പിന്തുണച്ചത് അധികാരത്തിന് വേണ്ടിയല്ല ഹിന്ദുത്വത്തിന് വേണ്ടിയാണെന്ന് ഏക്നാഥ് ഷിന്‍ഡെ

മുംബൈ : ഉദ്ധവ് താക്കറെക്കെതിരായ രാഷ്ട്രീയ യുദ്ധത്തില്‍ അധികാരത്തിന് വേണ്ടിയല്ല ബി.ജെ.പി ശിവസേന വിമതര്‍ക്ക് പിന്തുണ നല്‍കിയതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ.

ഹിന്ദുത്വത്തിനും അതിന്റെ പ്രത്യയശാസ്ത്രത്തിനും വേണ്ടിയാണ് ഈ പോരാട്ടത്തില്‍ ബി.ജെ.പി തങ്ങളുടെ കൂടെ നിന്നതെന്ന് അദ്ദേഹം പറഞ്ഞു.

മഹാ വികാസ് അഘാഡി സര്‍ക്കാറിന്റെ സഖ്യകക്ഷികളായ കോണ്‍ഗ്രസും എന്‍.സി.പിയും കാരണം ശിവസേന എം.എല്‍.എമാര്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നെന്ന് ഷിന്‍ഡെ പറഞ്ഞു.

അധികാരം പിടിച്ചെടുക്കാന്‍ എന്തും ചെയ്യുന്നവരാണ് ബി.ജെ.പി എന്ന ധാരണ പൊതുസമൂഹത്തില്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഹിന്ദുത്വയും വികസനവുമാണ് ബി.ജെ.പിയുടെ നിലപാടെന്ന് അവര്‍ ജനങ്ങള്‍ക്ക് കാണിച്ച്‌ കൊടുത്തു. ബി.ജെ.പി പക്ഷത്ത് കൂടുതല്‍ എം.എല്‍.എമാര്‍ ഉണ്ടായിരുന്നിട്ടും അവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഞങ്ങള്‍ക്ക് പിന്തുണ നല്‍കി. വികസനത്തിലൂടെ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

വികസന പ്രവര്‍ത്തനങ്ങളില്‍ തന്റെയും കേന്ദ്രത്തിന്റെയും പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതൊരു വലിയ കാര്യമാണ്. കേന്ദ്രം ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലാണെന്നും ഷിന്‍ഡെ പറഞ്ഞു.

170 എം.എല്‍.എമാര്‍ ഇപ്പോള്‍ സഖ്യത്തിനൊപ്പമുണ്ടെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ 200ലധികം സീറ്റുകള്‍ നേടി സഖ്യം വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top