പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വിദേശ ഗായികമാര്‍ സൗദിയിലെത്തുമെന്ന് റിപ്പോര്‍ട്ട്

റിയാദ് : മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഇത്തവണത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകുന്നതിന് വിദേശ ഗായികമാര്‍ സൗദിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ജനറല്‍ എന്റര്‍ടൈന്‍മെന്റ്, ജനറല്‍ കള്‍ച്ചര്‍ അതോറിറ്റികളുടെ പിന്തുണയോടെയാണ് വിദേശ ഗായികമാര്‍ പങ്കെടുക്കുന്ന സംഗീത പരിപാടികള്‍ അരങ്ങേറുന്നത്.

19 ന് റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ സംഘടിപ്പിക്കുന്ന സംഗീത നിശയില്‍ ഈജിപ്ഷ്യന്‍ ഗായിക ശീരീന്‍ അബ്ദുല്‍വഹാബ് പങ്കെടുക്കും. തൊട്ടടുത്ത ദിവസം റിയാദ് കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്റര്‍ തിയേറ്ററില്‍ വനിതകള്‍ക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയ സംഗീത പരിപാടിയില്‍ ബഹ്‌റൈന്‍ പൗരത്വം നേടിയ സിറിയന്‍ ഗായിക അസാല നസ്രി ഗാനങ്ങള്‍ ആലപിക്കും. പ്രശസ്ത ഈജിപ്ഷ്യന്‍ ഗായിക കാര്‍മന്‍ സുലൈമാനും അസാലക്കൊപ്പം റിയാദ് പരിപാടിയില്‍ പങ്കെടുക്കും.

23 ന് റിയാദ് കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്റര്‍ തിയേറ്ററില്‍ അരങ്ങേറുന്ന സംഗീത നിശയില്‍ ഗള്‍ഫിലെ ഏറ്റവും പ്രശസ്തയായ ഗായിക നവാല്‍ അല്‍കുവൈതിയ പങ്കെടുക്കും. ഈ പരിപാടിയിലേക്കും സ്ത്രീകള്‍ക്കു മാത്രമാണ് പ്രവേശനം. 19 ന് ജിദ്ദയിലാണ് നവാലിന്റെ ആദ്യ പരിപാടി. ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയിലെ ഇന്‍ഡോര്‍ ഹാളില്‍ സൗദി ഗായിക ദാലിയ മുബാറക്കിനൊപ്പമാണ് നവാല്‍ സംഗീതനിശയില്‍ പങ്കെടുക്കുക.

യു.എ.ഇ ഗായിക ശമ്മ ഹംദാന്‍ റിയാദിലും ജിദ്ദയിലും രണ്ടു സംഗീത നിശകളില്‍ പങ്കെടുക്കും. റിയാദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ആന്റ് എക്‌സിബിഷന്‍ സെന്റര്‍ തിയേറ്ററിലാണ് ഇതില്‍ ഒന്ന്. രണ്ടാമത്തെ പരിപാടി ജിദ്ദ ഹില്‍ട്ടന്‍ ഹോട്ടലില്‍ രണ്ടാം പെരുന്നാളിനാണ്.

ജിദ്ദയില്‍ സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ള സംഗീത നിശയില്‍ ലെബനോനി ഗായിക യാറയും ശമ്മ ഹംദാനൊപ്പം പങ്കെടുക്കും. പതിനാറിന് റിയാദ് കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്റര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന സംഗീത വിരുന്നില്‍ എലീസയും (എലീസാര്‍ സക്കരിയ ഖൗരി) ഈജിപ്ഷ്യന്‍ ഗായിക അന്‍ഗാം മുഹമ്മദ് അലി സുലൈമാനും സംബന്ധിക്കും.

Top