കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ആത്മാര്‍ത്ഥത ഉള്ളവരെന്ന് എളമരം കരീം

തിരുവനന്തപുരം: ജീവനക്കാര്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ച കെ.എസ്.ആര്‍.ടി.സി. എംഡി ബിജു പ്രഭാകറിനെതിരെ സിപിഐടിയു നേതാവ് എളമരം കരീം എംപി. കെഎസ്ആര്‍ടിസിയിലെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എളമരം കരീം പറഞ്ഞു.

തൊഴിലാളികള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ്. തൊഴിലാളികളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് മാനേജ്മെന്റാണ്. അവരെ ജോലി ചെയ്യിക്കേണ്ടത് മാനേജ്മെന്റാണ്. കൃത്യവിലോപം കാണിക്കുന്നുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതും മാനേജ്മെന്റാണ്.

ഉത്തരവാദിത്തം നിര്‍വഹിക്കാതെ മാനേജ്മെന്റ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണ്. രാഷ്ട്രീയ പാര്‍ട്ടികളോ തൊഴിലാളി യൂണിയനുകളോ ജോലി ചെയ്യാതെ ശമ്പളവും ആനുകൂല്യവും പറ്റാന്‍ ഒരു പ്രേരണയും നല്‍കുന്നില്ല. അതിന് വിപരീതമായി വല്ല തെളിവുകളുമുണ്ടെങ്കില്‍ മാനേജ്മെന്റ് കൊണ്ടുവരണം. മറിച്ച് രാഷ്ട്രീയപ്രസംഗം നടത്തുന്നതുപോലെ മാനേജിങ് ഡയറക്ടര്‍ മാധ്യമങ്ങളെ വിളിച്ച് ആരോപണം ഉന്നയിക്കുന്നത് ഒട്ടും ഉചിതമല്ല. അത് തന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം അത് പുനഃപരിശോധിക്കണമെന്നും കരീം ആവശ്യപ്പെട്ടു.

Top