എം.എൽ.എ അടി വാങ്ങിയത് എന്തിനാണ് ? എസ്.എഫ്.ഐയെ നശിപ്പിച്ചാണോ വിപ്ലവം ?

ല്‍ദോ എബ്രഹാം എം.എല്‍.എയെ എത്ര പേര്‍ക്ക് അറിയാം ? ഈ ചോദ്യത്തിന് ഉത്തരം നല്‍കിയിട്ട് വേണം സി.പി.ഐ നേതൃത്വം പൊലീസിനെ കടന്നാക്രമിക്കാന്‍. സി.പി.ഐ എം.എല്‍.എയായ എല്‍ദോ എബ്രഹാമിനെ പൊലീസ് മര്‍ദ്ദിച്ചതാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് വിവാദ വിഷയം. അപ്പുറത്ത് വില്ലന്‍ പിണറായിയുടെ പൊലീസ് ആയതാണ് ഈ ഇടത് എം.എല്‍.എയോടുള്ള സ്‌നേഹത്തിന് പിന്നിലെന്ന് വ്യക്തം. ഇക്കാര്യം സി.പി.എം- എസ്.എഫ്.ഐ വിരുദ്ധ തിമിരം ബാധിച്ച സി.പി.ഐ നേതാക്കള്‍ മനസ്സിലാക്കുന്നത് നല്ലതാണ്.

സി.പി.ഐയുടേത് എന്നല്ല, ഒരു പ്രതിഷേധ സമരത്തിനെതിരേയും പൊലീസ് ലാത്തിചാര്‍ജ് നടത്തരുത് എന്ന് തന്നെയാണ് അഭിപ്രായം. എന്നാല്‍ പലപ്പോഴും സംഘര്‍ഷം ഉണ്ടാകുന്നത് പ്രതിഷേധം കൈവിട്ട് പോകുമ്പോഴാണ്. തലസ്ഥാനത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചില്‍ കേരളം അത് കണ്ടതാണ്. അവിടെ പൊലീസിനെ സംബന്ധിച്ച് മറ്റു മാര്‍ഗ്ഗങ്ങളൊന്നും തന്നെ ഇല്ലായിരുന്നു.

ഭരണപക്ഷത്തെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ ഡി.ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് തന്നെ മുന്നണി മര്യാദയുടെ ലംഘനമാണ്. ഒരേസമയം സര്‍ക്കാറില്‍ പങ്കാളിയാകുകയും സമരം നടത്തുകയും ചെയ്യുക എന്നത് ശരിയായ നിലപാടല്ല. വിയോജിപ്പുണ്ടെങ്കില്‍ മുന്നണി വിട്ട് പോയാണ് സമരം ചെയ്യേണ്ടത്. കമ്യൂണിസ്റ്റുകള്‍ക്ക് ചേര്‍ന്ന ഏര്‍പ്പാടല്ല ഇപ്പോള്‍ സി.പി.ഐ നടത്തിയിരിക്കുന്നത്.

ഒരു പ്രതിഷേധ സമരം പ്രകോപനത്തിലേക്ക് വഴിമാറിയാല്‍ പൊലീസ് നടപടി ഉറപ്പാണ്. ഇത്തരം നടപടികള്‍ നേരിട്ടാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയുമെല്ലാം വളര്‍ന്നിരിക്കുന്നത്. ഈ സംഘടനയിലെ പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അടിയൊന്നും മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കിട്ടിയിട്ടുമില്ല.

സി.പി.എം പി.ബി അംഗം മുതല്‍ എസ്.എഫ്.ഐയുടെ സാധാരണ അംഗം വരെ കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായവരാണ്. ഇവരില്‍ പലരും എം.എല്‍.എയും എം.പിയും ആയിരിക്കെ തന്നെ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയ നേതാക്കളാണ്. എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് ഇത് പുതിയ അനുഭവമാകും. പക്ഷേ അദ്ദേഹത്തിന് ഒപ്പം നിയമസഭയില്‍ ഇരിക്കുന്ന സി.പി.എം എം.എല്‍.എമാര്‍ക്ക് ഇത് വേറിട്ട സംഭവമായിരിക്കില്ല.

ഇവിടെ ഭരിക്കുന്ന സര്‍ക്കാറിനെതിരേ തന്നെ സമരം നയിച്ചവര്‍ അടിയുണ്ടാക്കാന്‍ തന്നെയാണ് പ്രകോപനം ഉണ്ടാക്കിയത്. ചോദിച്ചു വാങ്ങിയ അടി എന്ന് തന്നെ ഇതിനെ പറയാം. അടിപൊട്ടിയാല്‍ എം.എല്‍.എയെ മാത്രം തിരിച്ചറിഞ്ഞ് ഒഴിവാക്കാന്‍ പൊലീസിന് കഴിയണമെങ്കില്‍ ഒരു മുഖ പരിചയമെങ്കിലും വേണം. അത് ഈ സി.പി.ഐ എം.എല്‍.എയുടെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല. അതാണ് യഥാര്‍ത്ഥ്യം.

എം.എല്‍.എ ആണ് എന്ന് പറഞ്ഞിട്ടും പൊലീസ് അടിച്ചതായ ഒരു ആക്ഷേപം സി.പി.ഐ പോലും ഉയര്‍ത്തിയിട്ടുമില്ല. മാത്രമല്ല എം.എല്‍.എ പുറത്തുവിട്ട ചിത്രത്തില്‍ തന്നെ പിന്നില്‍ നിന്നും പൊലീസ് അടിക്കുന്നതായ ദൃശ്യമാണുള്ളത്. ആളറിയാതെയാണ് എന്നതിന് ഇതില്‍ പരം മറ്റൊരു തെളിവും വേണ്ട. സാധാരണക്കാരായ പ്രവര്‍ത്തകര്‍ മാത്രമാണ് തല്ലുകൊള്ളേണ്ടത് എന്ന മാനസികാവസ്ഥയും സി.പി.ഐ നേതൃത്വം തിരുത്തേണ്ടതുണ്ട്.

മാധ്യമങ്ങള്‍ക്ക് ഇങ്ങനെ വാര്‍ത്താ വിഭവങ്ങള്‍ ഒരുക്കി കൊടുത്തത് കൊണ്ട് സി.പി.ഐക്കും എ.ഐ.എസ്.എഫിനും കേരളത്തില്‍ വളരാന്‍ കഴിയില്ല. മാധ്യമ മനസ്സുകളിലല്ല, ജനമനസ്സുകളിലാണ് ഇടം പിടിക്കേണ്ടത്. അതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് നിങ്ങള്‍ നടത്തേണ്ടത്.

സി.പി.ഐക്ക് വളരാന്‍ സി.പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും പ്രവര്‍ത്തകരെ സംഭാവന ചെയ്യണമെന്ന് പറഞ്ഞാല്‍ അത് നടപ്പുള്ള കാര്യമൊന്നുമല്ല. സി.പി.എം അച്ചടക്ക നടപടിയെടുത്ത് ഒഴിവാക്കുന്ന പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തിയാണ് പലയിടത്തും സി.പി.ഐ കമ്മറ്റികള്‍ തന്നെ പ്രവര്‍ത്തിക്കുന്നത്. ഇതു തന്നെ ഒരുതരത്തില്‍ വര്‍ഗ്ഗ വഞ്ചനയാണ്.

വൈപ്പിന്‍ കോളജുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സി.പി.ഐ, എസ്.എഫ്.ഐക്കും സി.പി.എമ്മിനും എതിരെ ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ എസ്.എഫ്.ഐ പ്രതിരോധത്തിലായപ്പോള്‍ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പ്രകോപനവും.

സംസ്ഥാനത്തെ മറ്റു ചില കലാലയങ്ങളിലും അവസരം മുതലെടുക്കാന്‍ സി.പി.ഐയുടെ ഈ വിദ്യാര്‍ത്ഥി സംഘടന ശ്രമിക്കുകയുണ്ടായി. അത് വൈപ്പിന്‍ കോളജിലും ആവര്‍ത്തിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. സി.പി.ഐയും യുവജന വിഭാഗമായ എ.ഐ.വൈ.എഫും എ.ഐ.എസ്.എഫിനെ പിന്തുണച്ച് രംഗത്ത് വരികയുണ്ടായി. സി.പി.ഐ ജില്ലാ സെക്രട്ടറി തന്നെയാണ് ഇവിടെ പ്രകോപനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. അതാണ് സെക്രട്ടറിയുടെ വാഹനം തടയാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചിരുന്നത്.

പ്രതിസന്ധി ഘട്ടത്തില്‍ വര്‍ഗ്ഗ വഞ്ചനയല്ല, വര്‍ഗ്ഗ സ്‌നേഹമാണ് സി.പി.ഐയും വര്‍ഗ്ഗ ബഹുജന സംഘടനകളും കാട്ടേണ്ടിയിരുന്നത്. എന്നാല്‍ ശത്രുവിനെ പോലെയാണ് ഇക്കൂട്ടര്‍ മാധ്യമങ്ങളിലൂടെ എസ്.എഫ്.ഐ നേതാക്കളെ ആക്രമിച്ചത്. യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ പ്രതിപക്ഷത്തെ കടത്തി വെട്ടുന്ന വിമര്‍ശനമാണ് എ.ഐ.എസ്.എഫ് നേതാക്കള്‍ ഉന്നയിച്ചിരുന്നത്.

മാധ്യമങ്ങളുടെ വേട്ടക്ക് കുന്തമുനയായി പ്രവര്‍ത്തിച്ച ഇവരെ കാണുമ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ രക്തം തിളയ്ക്കുക സ്വാഭാവികമാണ്. വൈപ്പിനില്‍ കണ്ടതും അത്തരമൊരു പ്രതികരണമാണ്. സി.പി.എമ്മിന്റെ കരുത്തില്‍ മാത്രം വിജയിച്ചവരാണ് സി.പി.ഐ എം.എല്‍.എമാര്‍. ഒറ്റയ്ക്ക് നിന്നാല്‍ കേരളത്തിലെ ഒരു പഞ്ചായത്ത് ഭരണം പോലും ആ പാര്‍ട്ടിക്ക് കിട്ടില്ല. എ.ഐ.എസ്.എഫിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിലെ ഒരു കോളജ് യൂണിയന്‍ ഭരണം പോലും ആ സംഘടനക്കില്ല. ചിലയിടത്ത് എസ്.എഫ്.ഐയുടെ ഔദാര്യം കൊണ്ടു മാത്രമാണ് ചില സീറ്റുകള്‍ വിട്ടു കൊടുത്തിരുന്നത്.

കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലാ യൂണിയനും എസ്.എഫ്.ഐ ഒറ്റക്കാണ് ഭരിക്കുന്നത്. കോളജ് യൂണിയനുകളുടെ എണ്ണം എടുത്താല്‍ എതിരാളികളുടെ എണ്ണം തന്നെ വളരെ അകലെയാണ്. അതാണ് എസ്.എഫ്.ഐയുടെ സംഘശക്തി. സി.പി.എം അച്ചടക്ക നടപടി സ്വീകരിക്കുന്ന പ്രവര്‍ത്തകരെ കൂട്ടി സി.പി.ഐ ഘടകങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നതു പോലെ കാമ്പസുകളില്‍ നടപ്പില്ല.

കാരണം എസ്.എഫ്.ഐ വിട്ട ഒരു കളിക്കും ഒരു പ്രവര്‍ത്തകനും നില്‍ക്കില്ല, അതാണ് യാഥാര്‍ത്ഥ്യം. എസ്.എഫ്.ഐയെ ക്രിമിനല്‍ സംഘമായി ചിത്രീകരിച്ച് നേട്ടമുണ്ടാക്കാനാണ് മറ്റു വിദ്യാര്‍ത്ഥി സംഘടനകളെല്ലാം നിലവില്‍ ശ്രമിക്കുന്നത്. അവര്‍ക്കൊപ്പം ചേര്‍ന്ന് മുതലെടുക്കാനാണ് എ.ഐ.എസ്.എഫും നീക്കം നടത്തുന്നത്. ഈ നിലപാടാണ് അവര്‍ തിരുത്തേണ്ടത്. ഇടതുപക്ഷത്താണെങ്കില്‍ ഇടതുപക്ഷമായിരിക്കണം, അല്ലാതെ വലതുപക്ഷ സ്വഭാവം കാട്ടുകയല്ല വേണ്ടത്.

Express View

Top