എംഎല്‍എയെ ലാത്തിച്ചാര്‍ജിനിടെ മര്‍ദ്ദിച്ച സംഭവം ; പൊലീസിന് വീഴ്ച്ചയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

കൊച്ചി : എല്‍ദോ എബ്രഹാം എംഎല്‍എയെ ലാത്തിച്ചാര്‍ജിനിടെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച്ചയെന്ന് എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. എംഎല്‍എയ്ക്ക് മര്‍ദ്ദനമേല്‍ക്കേണ്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൊച്ചിയിലെ ഡിഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ എംഎല്‍എയുടെ ഇടതുകൈ ഒടിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇടതു കൈ പ്ലാസ്റ്ററിട്ടുകൊണ്ടുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം എബ്രഹാമിന്റെ കൈയ്ക്ക് പരുക്കേറ്റിട്ടില്ലെന്ന പൊലീസിന്റെ വാദം തള്ളി സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. കൈകയ്ക്ക് പൊട്ടലുണ്ടെന്ന് മൂവാറ്റുപുഴ ആശുപത്രിയില്‍ എടുത്ത സി.ടി സ്‌കാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് സംഭവം അന്വേഷിക്കുന്ന ജില്ലാ കളക്ടര്‍ക്ക് എം.എല്‍.എ കൈമാറുകയും ചെയ്തിരുന്നു.

എല്‍ദോയുടെ കൈ ഒടിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് പോലീസ് പ്രതിരോധിച്ചത്. എന്നാല്‍ കൈ ഒടിഞ്ഞുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കൈക്ക് പൊട്ടലുണ്ടെന്നും ആദ്യം ചികിത്സ ഡോക്ടര്‍ അറിയിച്ചുവെന്നാണ് പറഞ്ഞതെന്ന വിശദീകരണവുമായി എല്‍ദോയും രംഗത്തെത്തിയിരുന്നു.

Top