കൊച്ചി: പൊലീസിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാം. ഭരണപക്ഷമായിക്കൊള്ളട്ടെ പ്രതിപക്ഷമായിക്കൊള്ളട്ടെ ഒരു എംഎൽഎയ്ക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ല, എൽദോ പറഞ്ഞു.
പൊലീസിന്റെ ഇത്തരം പ്രവൃത്തികൾ കാണുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. ഇങ്ങനെയും മോശം പൊലീസുണ്ടോ.കൊച്ചിയിൽ മാത്രമല്ല എന്റെ മണ്ഡലമായ മൂവാറ്റുപുഴയിലും 11 തവണ സിപിഐക്ക് പൊലീസുമായി യുദ്ധം ചെയ്യേണ്ട സാഹചര്യമുണ്ടായി.എംഎൽഎയാണെന്ന് പറഞ്ഞ് വിളിച്ചാൽ എംഎൽഎയാണെങ്കിൽ കൈയിൽ വച്ചാ മതിയെന്ന് പറയുന്ന എസ്.ഐയും പൊലീസുമൊക്കെയുണ്ട്.
ജനപ്രതിനിധികളോട് നല്ല ഭാഷ്യത്തിൽ സംസാരിക്കാൻ പോലും പൊലീസിനറിയില്ല. പൊലീസ് മോശമായാൽ അവർ തീരുമാനിച്ചിറങ്ങിയാൽ മറ്റെല്ലാ മേഖലയും മോശമാകുമെന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ ദിവസം സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാർച്ചിലെ ലാത്തിച്ചാർജിനിടെ മൂവാറ്റുപുഴയിൽനിന്നുള്ള സി.പി.ഐ എം.എൽ.എ എൽദോ ഏബ്രഹാമിന്റെ കൈ പൊലീസ് തല്ലിയൊടിച്ചിരുന്നു. ഇടതുകൈ ഒടിഞ്ഞ എംഎൽഎ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ സെക്രട്ടറി പി.രാജു അടക്കമുള്ള സി.പി.ഐ നേതാക്കൾക്കും ലാത്തിച്ചാർജിൽ സാരമായി പരിക്കേറ്റിരുന്നു.