എല്‍ദോസ് കുന്നപ്പിള്ളി പൊലീസിന് മുന്നിലേക്ക് ; അച്ചടക്ക നടപടിയില്‍ കെപിസിസി തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഇന്ന് രാവിലെ ഒൻപത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ്, മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടിട്ടുള്ളത്. എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും.

എൽദോസിനെതിരെ യുവതി നൽകിയ കേസ് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്ന എൽദോസ് ജാമ്യം ലഭിച്ചതിന് പിന്നാലെ പെരുമ്പാവൂരിലെ വീട്ടിലെത്തിയിരുന്നു.

ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങൾ വഴി ആക്ഷേപിച്ചുവെന്ന പരാതിയിൽ മറ്റൊരു കേസ് കൂടി പൊലീസ് എൽദോസിനെതിരെ എടുത്തിരുന്നു. പേട്ട പൊലീസാണ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ നാല് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അതിനിടെ, ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പാർട്ടി നടപടിയിൽ കെപിസിസി ഇന്ന് തീരുമാനമെടുത്തേക്കും. മുതിർന്ന നേതാക്കൾ ആലോചിച്ച് അച്ചടക്ക സമിതി ചർച്ച ചെയ്താകും തീരുമാനം. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയത് ശരിയായില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗം പറയുമ്പോൾ, മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ എൽദോസ് പറയുന്നത് കൂടി കേൾക്കണം എന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്.

Top