തിരുവനന്തപുരം: പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ എംഎൽഎയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. എൽദോസിന്റെ ഫോണും പാസ്പോർട്ടും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയില്ല. ചോദ്യങ്ങൾക്ക് എൽദോസ് കൃത്യമായ മറുപടി നൽകുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 11 ദിവസമായി ഒളിവിലായിരുന്ന എംഎൽഎ കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.
പാസ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറണമെന്നും കേരളം വിട്ടു പോകരുതെന്നും അടക്കമുള്ള 11 നിബന്ധനകളോടെയാണ് അഡി. സെഷൻസ് കോടതി എൽദോസിന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെയാണ് ഒളിവിലായിരുന്ന എൽദോസ് പെരുമ്പാവൂരിലെത്തിയത്.