തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും.ദേശീയ നേതാക്കളുള്‍പ്പെടെ കളം നിറഞ്ഞു കളിച്ച പോര്‍ക്കളത്തില്‍ തെരഞ്ഞെടുപ്പ് ചൂട് ഇപ്പോഴും തിളച്ചുമറിയുകയാണ്.വിധി തങ്ങള്‍ക്കനുകൂലമാക്കാനുളള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.
ഇനിയുളള മണിക്കൂറുകള്‍, മുക്കും മൂലകളിലും ഓടിയെത്തി വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. വിവാദങ്ങളെ വികസന വിഷയങ്ങളുയര്‍ത്തി പ്രതിരോധിച്ച ഇടതുമുന്നണി തുടര്‍ ഭരണത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. അഭിപ്രായ സര്‍വേകളെ പ്രതീക്ഷയോടെ കാണുമ്പോഴും അപ്രതീക്ഷിത അടിയൊഴുക്കുകളെ മറികടക്കാനുളള ജാഗ്രതയിലാണ് ഇടതു മുന്നണി.
സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പ്രതിപക്ഷം പരമ്പരാഗത ന്യൂനപക്ഷ നിഷ്പക്ഷ വോട്ടുകള്‍ അരക്കിട്ടുറപ്പിക്കാനുളള തീവ്രശ്രമത്തിലാണ്. പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമെത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസവും യുഡിഎഫിനുണ്ട്. രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം അവസാനവട്ട തരംഗവും തങ്ങള്‍ക്കനുകൂലമാകാന്‍ സഹായിക്കുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു.
പല മണ്ഡലങ്ങളിലും ത്രികോണ മത്സരം സൃഷ്ടിക്കാനായതും ദേശീയ നേതാക്കളുടെ കുത്തൊഴുക്കും വലിയ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് എന്‍ഡിഎ വിലയിരുത്തല്‍.