തിരഞ്ഞെടുപ്പ് പ്രഖ്യാപനം;കൊല്ലത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി

കൊല്ലം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തകരുടെ കാത്തിരിപ്പ് നീളുന്നു . ഇടതു – വലതു മുന്നണികളുടെ പ്രചരണം ഒന്നാംഘട്ടം പൂര്‍ത്തിയായി. ബിജെപിയില്‍ നിന്ന് പലരുടെ പേരുകള്‍ പരിഗണനയില്‍ വന്നെങ്കിലും ആരെയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല.

2014ലേതിലും കൂടുതലായിരുന്നു 2019ല്‍ ബിജെപി നേടിയത്. 2019 ല്‍ 103339 വോട്ടായിരുന്നു ബിജെപി നേടിയത്. ഇത്തവണ കൂടുതല്‍ വോട്ട് നേടുന്ന ഒരാളെ മത്സരത്തിന് ഇറക്കാനാണ് സാധ്യത. പ്രേമചന്ദ്രന് ജയിക്കാന്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ബിജെപി ഇറക്കി സഹായിക്കുന്നതാണ് പതിവ് എന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. ഇത്തവണ കളം പിടിക്കാന്‍ ഒരുപക്ഷേ ബിജെപിയുടെ ശക്തര്‍ തന്നെ എത്തിയേക്കുമെന്നാണ് പ്രവര്‍ത്തകര്‍ കരുതുന്നത്.കൊല്ലത്തേക്കുള്ള പേരുകളില്‍ അവസാന പട്ടികയില്‍ നടന്‍ കൃഷ്ണകുമാര്‍, സന്ദീപ് വചസ്പതി, ബിബി ഗോപകുമാര്‍ എന്നിവരാണുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷും രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു. ബിജെപി ഇപ്പോഴും ചുമരെഴുത്തുകളില്‍ പേര് എഴുതാതെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്ന് മാത്രമാണ് എഴുതിവച്ചിരിക്കുന്നത്.

കൊല്ലം പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍, പി. ടി. ഉഷ, സന്ദീപ് വചസ്പതി, വി. ടി. രമ, നടന്‍ കൃഷ്ണകുമാര്‍, ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണിച്ചെങ്കിലും ആരെയും ഉറപ്പിച്ചില്ല. ശോഭാ സുരേന്ദ്രന്‍ ആലപ്പുഴ സ്ഥാനാര്‍ഥി ആയി. കുമ്മനം രാജശേഖരന്‍ മത്സരത്തിന് ഇല്ലെന്ന് അറിയിച്ചു. എന്നാല്‍ നേതൃത്വം പറഞ്ഞാല്‍ മത്സരിക്കേണ്ടി വരും. ബിജെപിക്ക് വോട്ട് വര്‍ദ്ധനയുള്ള സ്ഥലം കൂടിയാണ് കൊല്ലം.

Top