ശബരിമല; സമരം ചെയ്ത പ്രസ്ഥാനങ്ങള്‍ പലതും യു.ഡി.എഫിന് അനുകൂലമായെന്ന് ബി.ജെ.പി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നവര്‍ തെരഞ്ഞെടുപ്പില്‍ സഹായിച്ചില്ലെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ രംഗത്ത്.

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സമരം ചെയ്ത പ്രസ്ഥാനങ്ങള്‍ പലതും യു.ഡി.എഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. എന്‍.എസ്.എസിനെ പേരെടുത്ത് പറയാതെയാണ് ബിജെപിയുടെ വിമര്‍ശനം.

അതേസമയം, തെരഞ്ഞെടുപ്പില്‍ ഇടതുസര്‍ക്കാരിന് ശബരിമല വിഷയം ദോഷം ചെയ്തെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തിയിരുന്നു. ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ശരിയായില്ലെന്നും ഇതര മതസ്ഥരെയും ഇത് സ്വാധീനിച്ചെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ശബരിമല വിഷയം വിശ്വാസം കാത്തുകൊണ്ടല്ലാതെ പരിഹരിക്കാനാകില്ല. സര്‍ക്കാര്‍ എത്ര ശക്തി ഉപയോഗിച്ചാലും ആ വികാരം മറികടക്കാന്‍ സാധിക്കില്ല. എന്നാല്‍, ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എടുത്ത നിലപാട് ശരിയായിരുന്നു. വിശ്വാസ സംരക്ഷണ നിലപാടായിരുന്നു എന്‍എസ്എസിന്റേത്. ന്യൂനപക്ഷങ്ങള്‍ക്ക് സിപിഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതും തിരിച്ചടിക്ക് കാരണമായി, ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിരുന്നു.

Top