കണ്ണൂര്‍: കണ്ണൂരില്‍ നടന്ന കള്ളവോട്ടുകള്‍ക്കെതിരെ പഴുതടച്ച നിയമനടപടികള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്. ഇതിന് വേണ്ടി ജില്ലയിലെ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു.
കള്ളവോട്ട് നടന്ന ബൂത്തുകളിലെ പോളിംഗ് ഏജന്റുമാരുടെയോഗവും വിളിച്ചു ചേര്‍ത്തു. ബുധനാഴ്ച രാവിലെ 10ന് ചേരുന്ന യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നിയമ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതാണ്.
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പരിധിയില്‍ മട്ടന്നൂര്‍, തളിപ്പറമ്പ് ധര്‍മടം അസംബ്ലി മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നതായാണ് യുഡിഎഫ് ആരോപിക്കുന്നത്. ധര്‍മടം മണ്ഡലത്തില്‍ പിണറായി, വേങ്ങാട്, പെരളശേരി പഞ്ചായത്തുകളിലും തളിപ്പറമ്പില്‍ മയ്യില്‍, മലപ്പട്ടം, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകളിലും മട്ടന്നൂര്‍ മുനിസിപ്പിലാറ്റി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കള്ളവോട്ട് നടന്നതായും നേതാക്കള്‍ പറയുന്നു.
അതേസമയം, കള്ളവോട്ട് നടന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു.
പരാതി ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.