ഉത്തര്‍പ്രദേശ് ഉത്തര്‍പ്രദേശില്‍ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 11 ജില്ലകളിലെ 52 മണ്ഡലങ്ങളില്‍ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേന്ദ്രമായ അമേത്തിയിലും, അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബലറാംപൂര്‍, ഗോണ്ട, ഫൈസാബാദ്, അംബേദ്കര്‍ നഗര്‍, അമേത്തി, സുല്‍ത്താന്‍ നഗര്‍ തുടങ്ങിയ പതിനൊന്ന് മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കുക. 2012ലെ തെരഞ്ഞെടുപ്പില്‍ 52ല്‍ മുപ്പത്തിയേഴിടത്തും ജയിച്ച് കയറിയത് എസ്പിയായിരുന്നു. കോണ്‍ഗ്രസും, ബിജെപിയും അഞ്ച് വീതം സീറ്റുകളിലും, ബിഎസ്പി മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്.
അമേത്തിയിലെ നാല് മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ എസ്പിയും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നുണ്ട്. അമേത്തി നിയമസഭ മണ്ഡലത്തിലും, ഗൗരിഗഞ്ചിലും. ഇവിടെ രാഹുലും, അഖിലേഷ് യാദവും വെവ്വേറെയാണ് പ്രചാരണം നടത്തിയത്.
പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി, മായാവതി, അമിത് ഷാ തുടങ്ങിയ നേതാക്കള്‍ വിവിധ റാലികളില്‍ സംസാരിക്കും.