ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിയതി മാര്‍ച്ച് ആദ്യവാരം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എത്രഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിന് ശേഷമാകും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയെന്നാണ് സൂചനകള്‍.
തെരഞ്ഞെടുപ്പിലെ സുരക്ഷാ സേനാംഗങ്ങളുടെ എണ്ണം, വിന്യസിക്കാന്‍ സാധിക്കാവുന്ന പരമാവധി പ്രദേശങ്ങള്‍, വോട്ടിങ് മെഷീനുകള്‍ എന്നിവയുടെ കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ഇതിനായുള്ള ആലോചനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇവയിലെല്ലാം ഏകദേശ ധാരണ ഉണ്ടായാല്‍ മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചേക്കും.
അരുണാചല്‍ പ്രദേശ,് ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതോടൊപ്പം ജമ്മുകശ്മീരിലും തെരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടിരിക്കുന്നതിനാല്‍ മെയ്മാസത്തിനുള്ളില്‍ അവിടെ തെരഞ്ഞെടുപ്പ് നടത്തേണ്ടതായുണ്ട്. ഇക്കാര്യത്തില്‍ സുരക്ഷാ സാഹചര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമെ തീരുമാനമുണ്ടാകൂ. ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്സഭയുടെ കാലാവധി അവസാനിക്കുക.