മമത ബാനര്‍ജി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ വെച്ച് മമത ബാനര്‍ജി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകുമെന്ന ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ബംഗാള്‍ പൊലീസ് മേധാവിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനത്ത് നിന്ന് മാറ്റി പുതിയ ആളെ നിയമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതായി അറിയിച്ച് മമത ബാനര്‍ജി രംഗത്തുവന്നത്.

അതേസമയം ആക്രമണത്തിന് ഇരയായി എന്നുള്ള മമതയുടെ ആരോപണം നാടകമാണെന്ന് ബി.ജെ.പി ആരോപിച്ചു. മമതയെ ആക്രമിച്ചത് താലിബാന്‍ ആണോ എന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അര്‍ജുന്‍ സിങ് പരിഹസിച്ചു. മമതയ്ക്ക് കാവലായി വലിയ പൊലീസ് സന്നാഹമുണ്ടെന്നും ആര്‍ക്കാണ് അപരുടെ അടുത്ത് എത്തിച്ചേരാന്‍ സാധിക്കുകയെന്നും സഹാനുഭൂതിക്കു വേണ്ടിയുള്ള നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ തന്നെ നാലഞ്ച് പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥര്‍ മമതയെ വാഹനത്തില്‍ എടുത്തു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മമതയുടെ കാലില്‍ മുറിവ് പറ്റിയതായാണ് റിപ്പോര്‍ട്ട്.

 

Top