ന്യൂഡല്‍ഹി: മാലേഗാവ് സ്ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യ സിംഗ് ഠാക്കൂറിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതോടെയാണ് മൂന്ന് ദിവസത്തേക്ക് വിലക്കിയത്.
അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അതില്‍ പശ്ചാത്തപിക്കുന്നില്ലെന്നുമായിരുന്നു പ്രഗ്യ സിംഗ് ഠാക്കൂറിന്റെ പരാമര്‍ശം. ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനെന്തിന് പശ്ചാത്തപിക്കണമെന്നും വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണെന്നും പ്രഗ്യ സിംഗ് പറഞ്ഞു. വാര്‍ത്താ ചാനലായ ആജ് തക്കുമായി നടത്തിയ അഭിമുഖത്തിലാണ് പ്രഗ്യ സിംഗിന്റെ തുറന്ന് പറച്ചില്‍.
ഹേമന്ത് കര്‍ക്കറയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രഗ്യ സിംഗിനെതിരെ കോണ്‍ഗ്രസിന്റെ പരാതിയിന്മേല്‍ മധ്യ പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. സമാന പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഗ്യ സിംഗിന് നോട്ടീസയച്ചിരുന്നു. പ്രഗ്യ സിംഗിന്റെ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്.