ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് മാറ്റി വെക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കര്‍ശന നിബന്ധനകളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.
നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളൊന്നും ബജറ്റിലുണ്ടാകാന്‍ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ധനകാര്യമന്ത്രിയുടെ പ്രസംഗത്തില്‍ ഈ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിജയത്തെക്കുറിച്ച് പരാമര്‍ശിക്കരുതെന്നും കാബിനറ്റ് സെക്രട്ടറിക്കയച്ച കത്തില്‍ കമ്മീഷന്‍ വ്യക്തമാക്കി
നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനായാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാതലത്തില്‍ ബജറ്റ് മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി നാല് മുതല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 11നാണ് തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം കഴിഞ്ഞതിന് ശേഷം കേന്ദ്രബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.