ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടക്കുക. ഏപ്രില്‍ പതിനൊന്നിനാണ് ആദ്യഘട്ടം, ഏപ്രില്‍ 18ന് രണ്ടാം ഘട്ടം. ഏപ്രില്‍ 23ന് മൂന്നാംഘട്ടം, ഏപ്രില്‍ 29ന് നാലാം ഘട്ടം, മെയ് ആറിന് അഞ്ചാംഘട്ടം, മെയ് 12ന് ആറാം ഘട്ടം, മെയ് 19ന് ഏഴാം ഘട്ടം എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലപ്രഖ്യാപനം മെയ് 23നാണ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറയാണ് തിയതി പ്രഖ്യാപിച്ചത്.
അതേസമയം, കേരളത്തില്‍ വോട്ടെടുപ്പ് ഒറ്റഘട്ടമായിട്ടാണ് നടക്കുക. ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്.
രാജ്യത്താകെ തൊണ്ണൂറു കോടി വോട്ടര്‍മാരാണ് ഉള്ളത്. പുതിയ വോട്ടര്‍മാര്‍ ആകെ 8.4 കോടിയാണ്. പുതിയ വോട്ടര്‍മാര്‍ക്കായുള്ള ടോള്‍ ഫ്രീ നമ്പര്‍ 1950 ആണ്. കേരളത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടിംഗ് യത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉണ്ടാകും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനവും ഉണ്ടാകും. ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക മാനദണ്ഢമുണ്ടായിരിക്കും. കേസിന്റെ വിവരങ്ങള്‍ പത്രപരസ്യം നല്‍കി കമ്മീഷനെ അറിയിക്കേണ്ടതാണ്
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതില്‍ കമ്മീഷനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു.