ഇനി അന്യസംസ്ഥാനത്തിരുന്നും സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാം

ഡൽഹി: അന്യസംസ്ഥാനങ്ങളിൽ താമസമാക്കിയവർക്ക് സ്വന്തം സംസ്ഥാനത്ത് തന്നെ വോട്ടു ചെയ്യാൻ സൗകര്യമൊരുക്കുന്ന പദ്ധതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇപ്പോഴുള്ള സ്ഥലങ്ങളിൽ താമസിച്ചുകൊണ്ടു തന്നെ സ്വന്തം മണ്ഡലത്തിലെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാനാകും. ഇതിന്റെ പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രോട്ടോടൈപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വികസിപ്പിച്ചത്. പ്രത്യേകം ക്ഷണിക്കപ്പെട്ട രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്ക് മുമ്പിൽ ജനുവരി 26 ന് നടക്കുന്ന ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പദ്ധതി അവതരിപ്പിക്കും. ഇതിന്റെ പ്രവർത്തനവും വിശദീകരിക്കും.

അന്യസംസ്ഥാനങ്ങളിൽ തൊഴിലിനായി പോകുന്നവർ വോട്ടെടുപ്പിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നതിന് വിമുഖത കാട്ടുന്നു. ഇതേത്തുടർന്ന് വടക്കേഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും, പോളിങ്ങിൽ വലിയ കുറവുണ്ടാകുന്നത് പരിഗണിച്ചാണ് പുതിയ പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയത്. ഇതിന്റെ കരട് രേഖ കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്.

പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കരട് രേഖയിലും, അത് നടപ്പിലാക്കുന്നതിലെ നിയമപരവും ഭരണപരവും സാങ്കേതികവുമായ വെല്ലുവിളികളെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയിട്ടുണ്ട്.

ഒരു പൊതുമേഖലാ സ്ഥാപനം വികസിപ്പിച്ചെടുത്ത മൾട്ടി റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ, ഒരു വിദൂര പോളിംഗ് ബൂത്തിൽ നിന്ന് 72 മണ്ഡലങ്ങൾ വരെ കൈകാര്യം ചെയ്യാൻ കഴിയും. തെരഞ്ഞെടുപ്പ് പ്രക്രിയയോടുള്ള നിസംഗത മാറ്റാനും, യുവാക്കളുടേയും നഗരവാസികളുടേയും പങ്കാളിത്തം ഉറപ്പാക്കാനും പുതിയ പദ്ധതി വലിയ ചുവടുവെയ്പ്പാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു.

Top