ഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സാഹചര്യം കണക്കിലെടുത്താണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പൊതുയോഗങ്ങള്‍ക്ക് 1000 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കി. 500 പേര്‍ വരെ പങ്കെടുക്കുന്ന യോഗങ്ങള്‍ ഹാളിനുള്ളില്‍ വെച്ച് നടത്താം. ഗ്രൗണ്ടുകളില്‍ 1000 പേര്‍ വരെ പങ്കെടുക്കാം. വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ 20 പേര്‍ വരെ പങ്കെടുക്കാം എന്നിങ്ങനെയാണ് ഇളവുകള്‍.
അതേ സമയം, റോഡ് ഷോകള്‍ക്കും സൈക്കിള്‍ റാലികള്‍ക്കും ഉള്ള നിരോധനം തുടരും. രാജ്യത്ത് കൊവിഡിന്റെയും ഒമിക്രോണിന്റെയും രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ന് വരെ റാലികള്‍ക്ക് അനുമതിയില്ലായിരുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും, സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.