ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ റാലികള്‍ക്കും പൊതുയോഗങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് കേസുകള്‍ കുറയുന്നതിനാലാണ് ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ റാലികള്‍ക്കും പൊതുയോഗങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത്.
ഇന്‍ഡോര്‍ റാലികള്‍ക്ക് 50 ശതമാനം ആളുകള്‍ക്ക് പ്രവേശനം നല്‍കാം. ഔട്ട്‌ഡോര്‍ റാലികള്‍ക്ക് 30 ശതമാനവും പേര്‍ക്ക് പങ്കെടുക്കാം. അതേ സമയം പദയാത്ര, റോഡ് ഷോ, വാഹന റാലി എന്നിവയുടെ നിരോധനത്തില്‍ മാറ്റമില്ല. 20 പേര്‍ക്ക് മാത്രമായി വീടുതോറുമുള്ള പ്രചാരണം തുടരും. രാത്രി 8 മണിക്കും രാവിലെ 8 മണിക്കും ഇടയിലുള്ള പ്രചാരണ നിരോധനവും പഴയതുപോലെ തുടരും.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നത്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 10 നും മാര്‍ച്ച് ഏഴിനും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്നതും പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം വര്‍ധിക്കുന്നതും കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഫെബ്രുവരി അഞ്ചിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തിയിരുന്നു.