ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
ജൂണ്‍ 22ന് നടക്കാനിരിക്കുന്ന അനന്തനാഗ് ഉപതിരഞ്ഞെടുപ്പിന് പത്രിക നല്‍കാനെത്തിയപ്പോള്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നു കാണിച്ചാണ് മെഹബൂബയ്ക്ക് നോട്ടീസ് അയച്ചത്.
അനന്തനാഗ് ഉപതിരഞ്ഞെടുപ്പില്‍ പത്രിക നല്‍കാനായി ജൂണ്‍ ഒന്നാം തീയതി മെഹബൂബ മുഫ്തി വരണാധികാരിയുടെ ഓഫീസില്‍ എത്തിയത് ദേശീയ പതാകയും സംസ്ഥാന പതാകയും വച്ച ഔദ്യോഗിക കാറിലാണ്.
ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായതിനാലാണ് നോട്ടീസ് അയച്ചത്. മെഹബൂബയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ് പരാതി നല്‍കിയിരുന്നു.
അതേസമയം, ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചിട്ടുള്ള മെഹബൂബയ്ക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാനുള്ള അനുമതിയുണ്ടെന്നും എന്നാല്‍ വാഹനത്തില്‍ കൊടിവെക്കാന്‍ അനുമതിയില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട്.
മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തെത്തുടര്‍ന്നാണ് അനന്തനാഗില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹത്തിന്റെ മകളും ജമ്മു കാശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാവുമായ മെഹബൂബ മുഫ്തിക്ക് തന്നെയാണ് ഇവിടെ വിജയസാധ്യത.