ശരദ് പവാറിന് തിരിച്ചടി; യഥാർഥ എൻസിപിയായി അജിത് പവാർ വിഭാഗത്തെ അംഗീകരിച്ച് തിര.കമ്മിഷൻ

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എ‍ൻസിപി വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചു. എൻസിപി സ്ഥാപക നേതാവു കൂടിയായ ശരദ് പവാറിനു കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം. എംഎൽഎമാരിൽ ഏറിയ പങ്കും അജിത് പവാറിനൊപ്പമാണ് എന്നതു കണക്കിലെടുത്താണ്, പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്‌നവും അവർക്കു നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചത്.

രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, പുതിയ പേരു സ്വീകരിക്കാൻ ശരദ് പവാർ വിഭാഗത്തിന് തിരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശം നൽകി. ഫെബ്രുവരി ഏഴാം തീയതി വൈകിട്ട് മൂന്നു മണിക്കുള്ളിൽ പാർട്ടിയുെട പുതിയ പേരും ചിഹ്‍നവും തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണമെന്നാണ് നിർദ്ദേശം. നിയമസഭയിലെ ഭൂരിപക്ഷമാണ് അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായ അംഗീകരിക്കാൻ കാരണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്ര വികാസ് അഘാടി (എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടിയായി കഴിഞ്ഞ വർഷം ജൂലൈയിലാണ് എൻസിപി പിളർത്തി അജിത് പവാർ എക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന–ബിജെപി സർക്കാരിൽ ചേർന്നത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അഞ്ചാം തവണ അജിത് പവാർ ചുമതലയേൽക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവായിരിക്കെയാണ് അജിത് പവാർ കൂറുമാറിയതും ഉപമുഖ്യമന്ത്രിയായതും. പിന്നീട് ശരദ് പവാറിനെ പാർട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്ന് അജിത് പുറത്താക്കിയിരുന്നു. തന്റെ പാർട്ടിയാണ് യഥാർഥ എൻസിപിയെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷന് കത്തയയ്ക്കുകയും ചെയ്തു.

Top