പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫിന് നിരോധിത വിദേശ സംഭാവനകള്‍ ലഭിച്ചതായി വിവരം .പാകിസ്ഥാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജയാണ് ചൊവ്വാഴ്ച വിവരം വെളിപ്പെടുത്തിയത്. 34 തവണയാണ് ഇമ്രാന്‍ ഖാന്‍ ഇത്തരം സംഭാവനകള്‍ സ്വീകരിച്ചതെന്നും കമ്മിഷന്‍ വെളിപ്പെടുത്തി. പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് ഫണ്ടു കൈമാറിയ 13 അജ്ഞാത അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.
പാകിസ്ഥാന്‍ ധനികനായ ആരിഫ് നഖ്വിയുടെ ഉടമസ്ഥതയിലുള്ള വൂട്ടണ്‍ ക്രിക്കറ്റ് ലിമിറ്റഡില്‍ നിന്നും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പണം സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ”വൂട്ടണ്‍ ടി 20 കപ്പ്” പോലുള്ള ചാരിറ്റി ഫണ്ട് ശേഖരണത്തില്‍ നിന്നുള്ള പണവും പിടിഐ പണമിടപാടു നടത്താന്‍ ചെയ്യാന്‍ ഉപയോഗിച്ചതായി ബ്രിട്ടീഷ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘2013-ല്‍ നഖ്വി മൂന്ന് തവണകളായി മൊത്തം $2.12 മില്യണ്‍ നേരിട്ട് PTI പാര്‍ട്ടിക്ക് കൈമാറി.
യുഎഇയിലെ വൂട്ടണ്‍ ക്രിക്കറ്റ് അക്കൗണ്ടിനായി 2013 ഫെബ്രുവരി 28 നും മെയ് 30 നും ഇടയിലുള്ള കാലയളവ് ഉള്‍ക്കൊള്ളുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെയുള്ള ആന്തരിക രേഖകള്‍ വാര്‍ത്താ ഏജന്‍സിക്ക് ലഭിച്ചു. അക്കൗണ്ടില്‍ നിന്ന് പാകിസ്ഥാനിലേക്ക് പി.ടി.ഐക്ക് പണം കൈമാറുന്നതിന് മുമ്പ് കമ്പനികളും വിദേശ പൗരന്മാരും പാകിസ്ഥാനിലെ പൗരന്മാരും വൂട്ടണ്‍ ക്രിക്കറ്റിലേക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ അയച്ചതായി ബാങ്ക് സ്റ്റേറ്റ്മെന്റ് കാണിക്കുന്നു