അമിത് ഷാ പെരുമാറ്റച്ചട്ടം ലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: 2002ൽ അക്രമം നടത്തിയവരെ ഒരു പാഠം പഠിപ്പിച്ചു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ റിപ്പോർട്ട് പരിശോധിച്ച് നിയമോപദേശം തേടിയ ശേഷമാണ്, തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുത്തെന്ന പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമല്ലെന്ന നിഗമനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയത്. കഴിഞ്ഞ മാസം ഖേഡ ജില്ലയിലെ മഹുധ പട്ടണത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ നടത്തിയ പ്രസ്താവനയുടെ പേരിൽ ഒരു മുൻ ഉദ്യോഗസ്ഥനാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ഗുജറാത്തിലെ കോൺഗ്രസ് ഭരണകാലത്ത് (1995-ന് മുമ്പ്) വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു. വിവിധ സമുദായങ്ങളിലും ജാതികളിലും പെട്ട ആളുകളെ പരസ്പരം പോരടിക്കാൻ കോൺഗ്രസ് പ്രേരിപ്പിക്കാറുണ്ടായിരുന്നു. അത്തരം കലാപങ്ങളിലൂടെ കോൺഗ്രസ് വോട്ട് ശക്തിപ്പെടുത്തി. വോട്ട്ബാങ്ക് ലക്ഷ്യം വെക്കുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാണിക്കുകയും ചെയ്തു. 2002-ൽ ഗുജറാത്തില്‍ കലാപം ഉണ്ടാകാന്‍ കാരണം അക്രമികള്‍ക്ക് കോൺഗ്രസിൽ നിന്ന് ലഭിച്ച പിന്തുണയാണെന്നും അമിത് ഷാ അന്ന് പറഞ്ഞിരുന്നു.

എന്നാൽ 2002-ൽ അവരെ പാഠം പഠിപ്പിച്ചതിന് ശേഷം ഇവരൊക്കെ അക്രമത്തിന്റെ പാത വിട്ടു. 2002 മുതൽ 2022 വരെ അവർ അക്രമത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിന്നു. ഗുജറാത്തിൽ ബിജെപി ശാശ്വത സമാധാനം സ്ഥാപിച്ചു. കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. 2002 ഫെബ്രുവരിയിൽ ഗോധ്ര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കത്തിച്ച സംഭവത്തെത്തുടർന്നാണ് ഗുജറാത്തിന്റെ ചില ഭാഗങ്ങളില്‍ വലിയ തോതിലുള്ള അക്രമങ്ങൾ ഉണ്ടായത്.

Top