Election Commission serves notice to Sakshi Maharaj

ന്യൂഡല്‍ഹി: മതവിദ്വേഷ പ്രസംഗ നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് നോട്ടീസ്.

രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം മുസ്ലിംകളാണെന്ന് പ്രസ്താവനയാണ് നടപടിക്ക് കാരണമായത്. സാക്ഷി മഹാരാജ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു.

മീററ്റില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവേയാണ് സാക്ഷി മഹാരാജ് വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തു ജനസംഖ്യ വര്‍ധിക്കുന്നതിനു കാരണം ഹിന്ദുക്കളല്ല. നാലു ഭാര്യമാരും നാല്‍പ്പതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണയ്ക്കുന്നവര്‍ ഉള്ളതു കൊണ്ടാണ്. മുത്തലാക്ക് നടപ്പാക്കണം. ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കണം. അമ്മമാര്‍ കുട്ടികളെ ജനിപ്പിക്കുന്ന യന്ത്രങ്ങളല്ല. ഹിന്ദുക്കളായാലും മുസ്ലിംകളായാലും അമ്മമാരെ ആദരിക്കണമെന്നുമായിരുന്നു സാക്ഷി മഹാരാജിന്റെ വാക്കുകള്‍.

മതവികാരം വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി സാക്ഷി മഹാരാജിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിരുന്നു.

Top