അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണം; പ്രതിപക്ഷം സുപ്രീംകോടതിയിലേയ്ക്ക്

ന്യൂഡല്‍ഹി: അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയിലേയ്ക്ക്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. സുപ്രീംകോടതിയുടെ തീരുമാനത്തില്‍ തൃപ്തിയില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമാണ് നേതാക്കള്‍ പ്രതികരിച്ചത്.

നിരവധി രാജ്യങ്ങള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ പരീക്ഷിച്ച ശേഷം ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോയെന്നും ഇ.വി.എമ്മുകള്‍ക്ക് വിശ്വാസ്യത കുറഞ്ഞ സാഹചര്യത്തില്‍ എന്ത് കൊണ്ടാണ് നമുക്കും തിരിച്ചു പോകാന്‍ സാധിക്കാത്തതെന്നും ചോദിച്ച ചന്ദ്രബാബു നായിഡു
അല്ലാത്ത പക്ഷം വിവിപാറ്റുകളിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും പറഞ്ഞു.

50 ശതമാനം വോട്ടുകള്‍ എണ്ണിയാല്‍ ആറ് ദിവസമെങ്കിലും എടുക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

Top