ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് വോട്ടിങ് യന്ത്രങ്ങള്‍ ട്രക്കില്‍ കൊണ്ടുപോയ സംഭവത്തില്‍ വാരാണസി എ.ഡി.എമ്മിനെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിക്ക് ഉത്തരവിട്ടു.
എ.ഡി.എമ്മിനെ വോട്ടെണ്ണല്‍ ഡ്യൂട്ടിയില്‍നിന്ന് മാറ്റി നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.
വാരാണസിയില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ കടത്തിക്കൊണ്ടുപോയെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വിഷയത്തില്‍ ഇടപെട്ടത്. വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കടത്തുവെന്നാണ് അഖിലേഷ് യാദവ് ആരോപിച്ചത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പരാജയപ്പെടാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മന്ദഗതിയിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അഖിലേഷ് ആരോപിച്ചിരുന്നു.
സ്ഥാനാര്‍ഥികളെ അറിയിക്കാതെയാണ് ജില്ല മജിസ്‌ട്രേറ്റ് വോട്ടിങ് യന്ത്രങ്ങള്‍ കടത്തിയതെന്നു തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടിരുന്നു. ട്രക്കില്‍ വോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കടത്തുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍, വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനാണ് വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോയതെന്നും ഇവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചില്ലെന്നുമാണ് എ.ഡി.എമ്മിന്റെ വിശദീകരണം.