പിഎംഒയ്ക്കും നീതി ആയോഗിനും ക്ലീന്‍ ചിറ്റ് നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃപരിശോധിക്കും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കുന്ന സ്ഥലങ്ങളില്‍ സര്‍വേ നടത്താന്‍ നീതി ആയോഗിനെ ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പിഎംഒയ്ക്കും നീതി ആയോഗിനും ക്ലീന്‍ ചിറ്റ് നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃപരിശോധിക്കും.

കമ്മിഷന്റെ നടപടികളില്‍ വിയോജിപ്പുമായി രംഗത്തെത്തിയ കമ്മിഷന്‍ അംഗം അശോക് ലവാസയുടെ കര്‍ശന നിലപാടിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. നീതി ആയോഗ് സിഇഒയോട് വിശദീകരണം ചോദിക്കണമെന്നായിരുന്നു ലവാസയുടെ നിലപാട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതി കമ്മിഷന്‍ നേരത്തെ തള്ളിയിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രംഗത്ത് വന്നിരുന്നത്. വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ലവാസ.

പെരുമാറ്റ ചട്ട ലംഘന പരാതികള്‍ പരിഗണിക്കുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ. പ്രധാനമായും രണ്ട് പരാതികളിലായിരുന്നു അശോക് ലവാസ വിയോജിപ്പ് കാണിച്ചിരുന്നത്. ഒന്ന് ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തെരഞ്ഞെടുത്തതെന്ന മോദിയുടെ പരാമര്‍ശത്തിലും പുല്‍വാമയ്ക്ക് തിരിച്ചടി നല്‍കിയവര്‍ക്ക് വോട്ട് നല്‍കണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്.

Top