മാധ്യമ പ്രവർത്തകരെ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം. കേരളത്തിൽ 14 വിഭാഗത്തിൽപ്പെട്ടവർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാം.
സായുധ സേനയിലെ ഉദ്യോഗസ്ഥർ, കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ എന്നിവർക്കും പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം. കൂടാതെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ, പോളിംഗ് ഉദ്യോഗസ്ഥർ, വിദേശത്ത് പോസ്റ്റിംഗ് ചെയ്യുന്ന എംബസി ജീവനക്കാർ എന്നിവർക്കും ഈ സൗകര്യം ഉപയോഗിക്കാം.
ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് നടക്കും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിലും നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.