ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവെച്ചു. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എഡിബി) വൈസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാനായാണ് അദ്ദേഹം രാജി സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അടുത്ത വര്‍ഷം വിരമിക്കുമ്പോള്‍ ആ പദവിയില്‍ എത്തേണ്ടിയിരുന്നത് അശോക് ലവാസയായിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ നടത്തിയ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാത്തതില്‍ അശോക് ലവാസ പ്രതിഷേധ ശബ്ദം ഉയര്‍ത്തിയിരുന്നു.