തിരുവനന്തപുരം: കോഴിക്കോട് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ല കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
അതേസമയം തനിക്കെതിരായ ഒളിക്യാമറാ അഴിമതി ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് എം കെ രാഘവന്‍ അറിയിച്ചിരുന്നു. സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാഘവന്‍ വ്യക്തമാക്കി. ചാനലിനെതിരെ പൊലിസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.
സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ചാനലിന്റെ ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. ഹിന്ദി ചാനലായ ടി വി 9 ആണ് വാര്‍ത്ത പുറത്ത് വിട്ടത്.
കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം ഖറന്‍സിയായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്.
എന്നാല്‍ രാഘവനെ അപകീര്‍ത്തിപ്പെടുത്താനുളള സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഘവന്റെ ജനസ്വീകാര്യത നഷ്ടപ്പെടുത്തുകയാണ് ആരോപണത്തിന്റെ ലക്ഷ്യമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അറിയിച്ചു.