രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ അധികാരം വേണം; കമ്മീഷന്‍

election

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനും ഉള്‍പാര്‍ട്ടി ജനാധിപത്യം പാര്‍ട്ടികള്‍ക്കുള്ളില്‍ നടപ്പിലാക്കാനും അധികാരം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയ ഹര്‍ജിയെ പിന്തുണച്ചുകൊണ്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

1951-ല്‍ നിലവില്‍ വന്ന ജനപ്രാതിനിധ്യ നിയമപ്രകാരം നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരം മാത്രമെ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളു. അംഗീകാരം റദ്ദാക്കാന്‍ അധികാരമില്ല. ഇതാണ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉള്‍പാര്‍ട്ടി ജനാധിപത്യം രാജ്യത്ത് അത്യാവശ്യമാണെന്നും ഇതിനായി ചട്ടങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും രൂപീകരിക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ പറയുന്നു. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതികള്‍ വരുത്തണമെന്നും കമ്മീഷന്‍ പറയുന്നു.

അഭിഭാഷകരായ അമിത് ശര്‍മ, അശ്വിനി ഉപാധ്യായ എന്നിവരാണ് കളങ്കിതരായവരെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് വിലക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. കുറ്റവാളികള്‍, തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ വിലക്കുള്ളവര്‍ എന്നിവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് അവസരങ്ങള്‍ മുതലെടുക്കുന്നതിനെതിരെയാണ് അമിത് ശര്‍മ കോടതിയിലെത്തിയത്. അശ്വനി ഉപാധ്യായ, രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം നടപ്പിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിലെത്തിയത്.

ഇതിന് മറുപടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി ജനപ്രാതിനിധ്യ നിയമത്തില്‍ മേല്‍പ്പറഞ്ഞ ഭേദഗതികള്‍ ആവശ്യപ്പെട്ട് തങ്ങള്‍ നിരന്തരം കേന്ദ്രസര്‍ക്കാരുകള്‍ക്ക് കത്തെഴുതിയിട്ടും പ്രയോജനമൊന്നുമുണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 29 എ വകുപ്പിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ നടപടികളെ കുറിച്ച് പറയുന്നത്. ഇതിലൊരിടത്തും അംഗീകാരം റദ്ദാക്കാനുള്ള അധികാരം തങ്ങള്‍ക്ക് ഉണ്ടെന്ന് പറയുന്നില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ഭരണഘടനാ ലംഘനം നടത്തുകയോ, രജിസ്ട്രേഷന്‍ സമയത്ത് സമര്‍പ്പിച്ച കാര്യങ്ങളില്‍ വീഴ്ച വരുത്തുകയോ അവ ലംഘിക്കുകയോ ചെയ്താല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് 2002 ലെ സുപ്രീം കോടതി ഉത്തരവില്‍ പറയുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. അംഗീകാരം നേടാനായി കമ്മീഷനെ കബളിപ്പിക്കുകയോ മറ്റോ ചെയ്തതായി കണ്ടെത്തിയാല്‍ മാത്രമേ റദ്ദാക്കാന്‍ കമ്മീഷന് അധികാരമുള്ളുവെന്നും അന്ന് കോടതി ഉത്തരവിട്ടിരുന്നു.

1998 ലാണ് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് ആദ്യമായി സര്‍ക്കാരിന് കത്തയയ്ക്കുന്നത്. നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രജിസ്ട്രേഷന്‍ നേടുന്നതും അവ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പേപ്പറില്‍ മാത്രമുള്ള രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. ആദായ നികുതി നിയമത്തിലെ ഇളവുകളില്‍ കണ്ണുവെച്ച് മാത്രം രജിസ്റ്റര്‍ ചെയ്തവയാണ് അവ. 2016 ഫെബ്രുവരി മുതല്‍ ഡിസംബര്‍ വരെ നടത്തിയ പരിശോധനയില്‍ 255 രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരത്തിലുള്ളവയാണെന്ന് കണ്ടെത്ത് ഇവയെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ എടുത്തുവെന്നും കമ്മീഷന്‍ പറയുന്നു.

രാഷ്ട്രീയത്തെ ക്രിമിനല്‍ മുക്തമാക്കാനുള്ള പ്രയത്നത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഏതുതരത്തിലുമുള്ള നീക്കത്തിനും പാര്‍ലമെന്റിന്റെ നിയമ ഭേദഗതി ആവശ്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. അത് സംഭവിക്കുമെന്നാണ് കരുതുന്നതെന്ന പ്രതീക്ഷയും സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ പ്രകടിപ്പിക്കുന്നു. അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സുപ്രീംകോടതിക്ക് മറുപടി നല്‍കിയിട്ടില്ല. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കരുതുന്നത്.

Top