കേരളവര്‍മ്മയില്‍ തെരഞ്ഞെടുപ്പ് വിവാദം; മന്ത്രി ബിന്ദുവിനെതിരെ ഇന്നും വ്യാപകമായി പ്രതിഷേധം തുടരും

തൃശ്ശൂര്‍: കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ മന്ത്രി ബിന്ദുവിനെതിരെ പ്രതിഷേധം തുടരും. മന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കെഎസ്യു തീരുമാനം. ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിക്കെതിരെ കരിങ്കോടി പ്രതിഷേധം നടത്തും. അതേസമയം, സെക്രട്ടറിയേറ്റ് അനക്‌സില്‍ കയറി മന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ കെഎസ്യു പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ജാമ്യമില്ല വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേരളവര്‍മ്മ കോളജുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കേസ് ഇന്നാണ് ഹൈക്കോടതി പരിഗണിക്കുക. കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

അതിനുള്ളില്‍ ചെയര്‍മാന്‍ ചുമതലയേല്‍ക്കുകയാണെങ്കിലും അത് കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കും. ഇപ്പോഴുള്ള രേഖകള്‍ വെച്ച് ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ സമര്‍പ്പിച്ച ഹരജിയില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

Top