കുറ്റ്യാടിയിലെ തെരഞ്ഞെടുപ്പ് തര്‍ക്കം; 32 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിലുണ്ടായ പ്രതിഷേധങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും സിപിഎം അച്ചടക്ക നടപടി. വളയം, കുറ്റ്യാടി ലോക്കല്‍ കമ്മറ്റികളിലെ 32 പേര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാവ് കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തിലാണ് നടപടി.

യുഡിഎഫില്‍ നിന്ന് കുറ്റ്യാടി സീറ്റ് തിരിച്ചുപിടിച്ചെങ്കിലും കുഞ്ഞഹമ്മദ്കുട്ടി എംഎല്‍എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ കുന്നുമ്മല്‍ ഏരിയ കമ്മറ്റി അംഗങ്ങളായ മൂന്ന് പേര്‍ക്കെതിരേയും നടപടിയെടുത്തിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ ലോക്കല്‍ കമ്മറ്റികളിലെ കൂട്ട നടപടി.

നേരത്തെ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും പിരിച്ചുവിട്ട ശേഷം ഇവിടെ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇപ്പോള്‍ നാല് പേരെയാണ് പുറത്താക്കിയിരിക്കുന്നത്. മൂന്ന് പേരെ ഒരു വര്‍ഷത്തേക്കും രണ്ട് പേരെ ആറ് മാസത്തേക്കും സസ്പെന്റ് ചെയ്തു. വളയം ലോക്കല്‍ കമ്മറ്റിയില്‍ രണ്ട് പേരെ ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തു. മറ്റുള്ളവരെ താക്കീത് ചെയ്തിട്ടുണ്ട്. ബ്രാഞ്ച് തലത്തിലുള്ളവരെ താക്കീത് ചെയ്യാനാണ് തീരുമാനം.

 

Top