തെരഞ്ഞെടുപ്പ് പരാജയം; അന്വേഷണ സമിതിക്ക് മുന്നില്‍ കാരണം നിരത്തി ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണം അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ നിരത്തി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡും സംഘടനാ ദൗര്‍ബല്യവുമാണ് പ്രധാന കാരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരാജയത്തിന്റ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം സമിതിക്ക് മുമ്പില്‍ വ്യക്തമാക്കി.

കൊവിഡ് മൂലം സര്‍ക്കാരിന് എതിരായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ആയില്ല. സര്‍ക്കാരിന്റെ അഴിമതികള്‍ തനിക്കു തുറന്ന് കാട്ടാന്‍ കഴിഞ്ഞു. അതിന് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കി. സംഘടനാ ദൗര്‍ബല്യം മൂലം താഴെ തലത്തിലേക്കു എത്തിക്കാന്‍ ആയില്ല. ബൂത്ത് കമ്മിറ്റികള്‍ പലതും നിര്‍ജ്ജീവമാണ്. സ്ലിപ് പോലും വീടുകളില്‍ എത്തിക്കാന്‍ ആയില്ല. ഭരണപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ ആക്കി.

അമിത് ഷായുടെ സിഎഎ പ്രസ്താവനയെത്തുടര്‍ന്ന് കേന്ദ്രത്തില്‍ ഭരണം ഇല്ലാത്ത കോണ്‍ഗ്രെസ്സിനെക്കാള്‍ എല്‍ഡിഎഫിന് അനുകൂല ന്യൂനപക്ഷ വികാരം ഉണ്ടായി. മുസ്ലിം വോട്ടുകള്‍ ഇടതു പക്ഷത്തേക് മറിഞ്ഞു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ജില്ലാ ഘടകങ്ങള്‍ക്കുള്‍പ്പടെ പ്രധാന പങ്കുണ്ടെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ എഐസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. അഴിച്ചുപണി താഴേത്തട്ട് മുതല്‍ വേണമെന്ന ശുപാര്‍ശയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്മേലാണ് ഡിസിസികള്‍ പുനസംഘടിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എഐസിസി എത്തിയത്.

തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുന്നതിനും ജില്ലാ ഘടകങ്ങളുടെ വീഴ്ച വിലയിരുത്തുന്നതിനും അശോക് ചവാന്‍ അധ്യക്ഷനായ സമിതിയെ എഐസിസി നിയോഗിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ഡിസിസികളും പുന:സംഘടിപ്പിക്കാനാണ് എഐസിസിയുടെ തീരുമാനം. മുഴുവന്‍ ഡിസിസി പ്രസിഡന്റുമാരെയും മാറ്റും. ഒഴിയാന്‍ സന്നദ്ധത അറിയിച്ചവരോട് തല്‍ക്കാലം തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Top