election – election commision

vote

ന്യൂഡല്‍ഹി: കേരളമടക്കമുള്ള അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിനായി കമ്മീഷന്റെ സമ്പൂര്‍ണയോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. സുരക്ഷാ കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തി.

സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള പ്രാരംഭ ചര്‍ച്ചകളും പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കലുമെല്ലാമായി രാഷ്ട്രീയപാര്‍ട്ടികള്‍ നിയസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നുകഴിഞ്ഞു. പോരാട്ടവും ഫലപ്രഖ്യാപനവും എന്നു നടക്കുമെന്നറിയാന്‍ എല്ലാ കണ്ണുകളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കാണ്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലാണ് അങ്കത്തട്ടൊരുങ്ങുന്നത്.

അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പു തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഒരുക്കങ്ങള്‍, സുരക്ഷാസംവിധാനങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്തു.

ഏപ്രില്‍ അവസാനവാരമോ മേയ് ആദ്യമോ ഒറ്റഘട്ടമായിട്ടായി കേരളത്തില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷര്‍ കേരളത്തിലെത്തി രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. അസമില്‍ രണ്ടുഘട്ടമായിട്ടും തമിഴ്‌നാട്ടില്‍ ഒറ്റഘട്ടമായും ബംഗാളില്‍ നാലു മുതല്‍ ആറുവരെ ഘട്ടമായുമായിരിക്കും തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത.

Top