മുഖ്യമന്ത്രി പറഞ്ഞത് വെറുതെയല്ല, മലപ്പുറത്തെ കണക്കുകളിൽ വ്യക്തം

മുസ്ലീംലീഗിന്റെ യഥാര്‍ത്ഥ പ്രശ്‌നം വഖഫല്ല ഇളകുന്ന അവരുടെ അടിത്തറയാണ്. ഭരണമില്ലാതെ ഒരടി മുന്നോട്ട് പോകാന്‍ പറ്റാത്ത ആ പാര്‍ട്ടി തുടര്‍ച്ചയായ പത്തു വര്‍ഷമാണ് പ്രതിപക്ഷത്തിരിക്കേണ്ടി വന്നിരിക്കുന്നത്. ഇനി മൂന്നാം ഊഴം കൂടി ഇടതുപക്ഷത്തിനു ലഭിക്കുക എന്നത് സ്വപ്‌നത്തില്‍ പോലും ലീഗിനു ചിന്തിക്കാന്‍ കഴിയുകയില്ല. ഇങ്ങനെ രാഷ്ട്രീയമായി വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ സമസ്ത കൂടി കൈവിട്ടാല്‍ അത് ലീഗിനുണ്ടാക്കുന്ന പ്രഹരം വളരെ വലുതായിരിക്കും. പ്രത്യേകിച്ച് ലോകസഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ … ഈ ഭയമാണ് സി.പി.എമ്മിനെയും അതിന്റെ നേതാക്കളെയും കടന്നാക്രമിക്കാന്‍ ലീഗിനെ ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

സി.പി.എം നേതാക്കള്‍ക്കെതിരെ ‘വ്യഭിചാരം’ ആരോപിക്കുന്ന മുസ്ലീം ലീഗിന് രാഷ്ട്രീയ വ്യഭിചാരം കാട്ടിയ ചരിത്രവും ഏറെയുണ്ട്. ബി.ജെ.പിയുമായി കൂട്ടുകുടി നടത്തിയ ബേപ്പൂര്‍ മോഡല്‍ രാഷ്ട്രീയ കേരളത്തിന് ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല. ആ കോലീ ബി സഖ്യം ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കാരണം ഈ മൂന്നു പാര്‍ട്ടികളുടെയും പ്രധാന ശത്രു അന്നും ഇന്നും ഇടതു പക്ഷവും സി.പി.എമ്മുമാണ്. മുഖ്യമന്ത്രി പിണറായി വിജയനിലും ഇടതുപക്ഷത്തിലും ‘സമസ്തക്ക്’ വിശ്വാസ്യത കൂടുന്നതാണ് ഇപ്പോഴത്തെ ലീഗിന്റെ പ്രധാന പ്രശ്‌നം. വഖഫ് വിഷയത്തില്‍ സമസ്തക്കും എ.പി വിഭാഗം സുന്നികള്‍ക്കും മുഖ്യമന്ത്രി നല്‍കിയ ഉറപ്പും ലീഗിനെ ശരിക്കും പ്രകോപിപ്പിച്ചിട്ടുണ്ട്. സമസ്തയെ പ്രക്ഷോഭത്തില്‍ നിന്നും അകറ്റാനുള്ള സ്വാധീനം വരെ പിണറായിക്കുണ്ടായി എന്നത് ലീഗ് നേതൃത്വത്തെ ശരിക്കും ഞെട്ടിച്ച സംഭവമാണ്.

ഈ തിരിച്ചടിയെ മറികടക്കാനാണ് കോഴിക്കോട് കടപ്പുറത്ത് അവര്‍ റാലി സംഘടിപ്പിച്ചിരുന്നത്. ഈ റാലിയിലെ ജനപങ്കാളിത്വം തങ്ങളുടെ ശക്തിയായി ചൂണ്ടിക്കാട്ടി അണികള്‍ക്ക് ആത്മവിശ്വാസം പകരാനാണ് ലീഗ് നേതൃത്വം ശ്രമിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ പ്രവര്‍ത്തകരെയും ക്ഷണിച്ച് ലീഗ് നടത്തിയ ഈ റാലിക്ക് ഒരു ബദല്‍ ഒരുക്കാന്‍ സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെ ഏതെങ്കിലും ഒരു ജില്ലാ കമ്മറ്റി മാത്രം വിചാരിച്ചാല്‍ നിഷ്പ്രയാസം സാധിക്കുമെന്ന യാഥാര്‍ത്ഥ്യം ലീഗ് നേതൃത്വം മറന്നു പോകരുത്. അതുകൊണ്ട് റാലിയിലെ ജനപങ്കാളിത്വം ചൂണ്ടിക്കാട്ടി ലീഗ് വല്ലാതെ അഹങ്കരിക്കരുത്. ലീഗിന്റെ അടിത്തറയില്‍ വലിയ വിള്ളലുകളാണ് നിലവില്‍ വീണിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ ഒരു റാലി കൊണ്ടൊന്നും സാധിക്കുകയില്ല.

വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ നിയമസഭയില്‍ പ്രതികരിക്കാത്തവര്‍ പ്രതിഷേധ റാലി നടത്തുന്നത് തന്നെ ഇരട്ട താപ്പാണ്. താല്‍ക്കാലികകാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യമല്ലാതെ മറ്റൊന്നും തന്നെ നിയമസഭയിലും ഈ സമുദായ സ്‌നേഹികള്‍ മൊഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഒരു ഇടപെടല്‍ നടത്തിയത് സമസ്തയാണ് അതുകൊണ്ട് തന്നെയാണ് അവരെ ചര്‍ച്ചക്ക് ക്ഷണിച്ച് ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയും ഇപ്പോള്‍ ഉറപ്പു നല്‍കിയിരിക്കുന്നത്. ഇത് യു.ഡി.എഫിന്റെ ഉറപ്പല്ല ഇടതുപക്ഷം നല്‍കുന്ന ഉറപ്പാണ്. അത് നൂറു ശതമാനവും പാലിച്ചിരിക്കും. ആ വിശ്വാസം ഉള്ളതു കൊണ്ടാണ് സമസ്ത പ്രക്ഷോഭത്തില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. എന്നാല്‍ കടപ്പുറത്ത് ആളെക്കൂട്ടി സമസ്തയെ പോലും പരോക്ഷമായി വെല്ലുവിളിക്കാനാണ് ലീഗിപ്പോള്‍ ശ്രമിച്ചിരിക്കുന്നത്. അതിനു വലിയ വില തന്നെ ലീഗ് നേതൃത്വം ഇനി നല്‍കേണ്ടി വരും.

സമസ്തയെ പിന്തുണയ്ക്കുന്ന ജനവിഭാഗത്തിന്റെ പിന്തുണയില്ലാതെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ മുസ്ലിംലീഗിനു ഒരിക്കലും സാധിക്കുകയില്ല. പഴയ ലീഗല്ല ഇന്നത്തെ ലീഗ്. ആ പാര്‍ട്ടി സമസ്തയില്‍ മാത്രമല്ല സമുദായത്തില്‍ തന്നെ ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്. ലീഗില്‍ ഇപ്പോള്‍ ‘സിംഗിള്‍ കമാന്റില്ല.” സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇതില്‍ കടുത്ത വിയോജിപ്പ് ഇടി മുഹമ്മദ് ബഷീര്‍ – മുനീര്‍ വിഭാഗങ്ങള്‍ക്കു പോലും നിലവിലുണ്ട്. പിന്നെ, സമസ്തയുടെ കാര്യം പറയേണ്ടതില്ലല്ലോ ? വലിയ ‘തങ്ങള്‍’ ഉള്ളപ്പോള്‍ തന്നെ ലീഗിന്റെ ചിറകിനടിയില്‍ നിന്നും പുറത്തുവരാന്‍ സമസ്ത നേതൃത്വം ശ്രമിച്ചിട്ടുണ്ട്.

ലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’ ഉണ്ടായിട്ടും സ്വന്തമായി ‘സുപ്രഭാതം’ എന്ന പത്രം അവര്‍ ആരംഭിച്ചതും ഈ നീക്കത്തിന്റെ ഭാഗമാണ്. സംസ്ഥാനത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ മദ്രസ്സകള്‍ ഉള്ളതും സമസ്തക്ക് കീഴില്‍ തന്നെയാണ്. മുസ്ലിം സമുദായത്തില്‍ ശക്തമായ അടിത്തറ ഇന്നും സമസ്തക്കുണ്ട്. എ.പി വിഭാഗം സുന്നികള്‍ക്കൊപ്പം സമസ്ത വിഭാഗത്തിന്റെ വോട്ടു കൂടി ഇടതുപക്ഷത്തേക്ക് പോയാല്‍ മലപ്പുറത്തിന്റെ രാഷ്ട്രിയ ഭൂപടം തന്നെയാണ് മാറ്റപ്പെടുക. ഇതറിയുന്ന ലീഗ് നേതൃത്വമാണിപ്പോള്‍ വിളറി പിടിച്ചിരിക്കുന്നത്. സമനില തെറ്റിയവരെ പോലെ അവര്‍ പെരുമാറുന്നതും അതുകൊണ്ടാണ്. അതേസമയം, മറ്റൊരു യാഥാര്‍ത്ഥ്യം കൂടി രാഷ്ട്രീയ കേരളം തിരിച്ചറിയേണ്ടതുണ്ട്. സമസ്ത വിഭാഗത്തിന്റെ വോട്ടുകള്‍, ലീഗിന് ലഭിച്ച തിരഞ്ഞെടുപ്പുകളില്‍ പോലും, മികച്ച പ്രകടനമാണ് മലപ്പുറം ജില്ലയിലും ഇടതുപക്ഷം കാഴ്ചവച്ചിരിക്കുന്നത്. ഈ കണക്ക് ചൂണ്ടിക്കാട്ടിയാണ്, ”മുസ്ലീങ്ങളുടെ മൊത്തം അട്ടിപ്പേറവകാശം” ലീഗിനില്ലന്ന്, മുഖ്യമന്ത്രി തന്നെ ലീഗ് നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെടുത്താല്‍ മലപ്പുറം ജില്ലയില്‍, 1,62, 000 വോട്ടിന്റെ വ്യത്യാസം മാത്രമാണ്, യു.ഡി.എഫും ഇടതുപക്ഷവും തമ്മിലുള്ളത്. ഈ കണക്ക് വച്ചു നോക്കിയാല്‍ ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനി ലോകസഭ മണ്ഡലത്തില്‍, വെറും പതിനായിരം വോട്ടിന്റെ മുന്‍തൂക്കം മാത്രമാണ് യു.ഡി.എഫിനുള്ളത്. ഇടതുപക്ഷം ഒന്നു ആഞ്ഞ് പിടിച്ചാല്‍, വിജയിക്കാവുന്ന മണ്ഡലമായി പൊന്നാനി മാറിക്കഴിഞ്ഞു. ലീഗിന്റെ ചങ്കിടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. മലപ്പുറം ലോകസഭ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍, യു.ഡി.എഫ് വിജയിച്ചെങ്കിലും, വോട്ടിങ്ങ് നിലയില്‍ ഇടതുപക്ഷം വന്‍ കുതിച്ചു ചാട്ടമാണ് നടത്തിയിരുന്നത്.94,000 വോട്ടുകള്‍ ഇടതുപക്ഷം അധികമായി നേടിയപ്പോള്‍, അര ലക്ഷത്തിലധികം വോട്ടുകളാണ് യു.ഡി.എഫിന് നഷ്ടപ്പെട്ടിരിക്കുന്നത്.

മലപ്പുറത്തെ 16 മണ്ഡലങ്ങളില്‍, 15 നിയമസഭാ മണ്ഡലങ്ങളിലും ഇടതു പക്ഷത്തിനു വോട്ടുകള്‍ നന്നായി വര്‍ധിച്ചിട്ടുണ്ട്. അതില്‍ തന്നെ പത്തോളം മണ്ഡലങ്ങളില്‍ യൂഡിഎഫിനാണ് വോട്ടുകള്‍ കുറഞ്ഞിരിക്കുന്നത്. പൊന്നാനി നിയമസഭ മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷം വിജയിച്ചിരിക്കുന്നത്. അണിയറയില്‍ വിഭാഗീയത പത്തി വിടര്‍ത്തി ആടിയിട്ടും അതിനെ തകര്‍ത്തെറിഞ്ഞായിരുന്നു, ചെമ്പടയുടെ ഈ തകര്‍പ്പന്‍ മുന്നേറ്റം. പൊന്നാനിയില്‍ നന്ദകുമാറിനെ വിജയിപ്പിക്കുന്നതില്‍ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും സി.പി.എം ഏരിയാ സെക്രട്ടറി പി.കെ ഖലീമുദ്ദീനും വഹിച്ച പങ്കും എടുത്തു പറയേണ്ടതു തന്നെയാണ്.

കടുത്ത വെല്ലുവിളികള്‍ക്കിടയിലും തവനൂരും താനൂരും നിലമ്പൂരും നിലനിര്‍ത്താനായതും ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. പെരിന്തല്‍മണ്ണയില്‍ ഇടതുപക്ഷം അവസാന നിമിഷം വരെ പൊരിതിയാണ് പരാജയം സമ്മതിച്ചിരിക്കുന്നത്. കേവലം 38 വോട്ടുകള്‍ക്കാണ് ഈ മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിച്ചിരിക്കുന്നത്. ഒന്ന് ആഞ്ഞ് പിടിച്ചിരുന്നെങ്കില്‍ പെരിന്തല്‍മണ്ണയും തീര്‍ച്ചയായും ചുവക്കുമായിരുന്നു.

ഒന്നരപതിറ്റാണ്ടിനു ശേഷം മുസ്ലിം ലീഗ് നേരിട്ട കനത്ത തിരിച്ചടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നത്. സംസ്ഥാനത്താകെ മത്സരിച്ച 27 സീറ്റുകളില്‍ കേവലം 15 സീറ്റുകളില്‍ മാത്രമാണ് ലീഗിന് വിജയിക്കാനായിരിക്കുന്നത്. കഴിഞ്ഞ തവണ 18 സീറ്റില്‍ വിജയിച്ച ലീഗിനെ സംബന്ധിച്ച് ഇത് അടിവേരിളക്കുന്ന തിരിച്ചടി തന്നെയാണ്. കാല്‍നൂറ്റാണ്ടിനു ശേഷം വനിതാ സ്ഥാനാര്‍ത്ഥിയായി അഡ്വ. നൂര്‍ബിന റഷീദിനെ ലീഗ് മത്സരിപ്പിച്ചെങ്കിലും കോഴിക്കോട് സൗത്തില്‍ അവരും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. കെ.എം ഷാജി മത്സരിച്ച അഴീക്കോട്, വി.കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.കെ അബ്ദുല്‍ഗഫൂര്‍ മത്സരിച്ച കളമശേരി, പാറക്കല്‍ അബ്ദുള്ളയുടെ സിറ്റിങ് സീറ്റായിരുന്ന കുറ്റിയാടി എന്നിവയും ഇത്തവണ ലീഗിനെ കൈവിട്ട മണ്ഡലങ്ങളാണ്.

കഴിഞ്ഞ തവണ കൈവിട്ട കൊടുവള്ളി എം.കെ മുനീറിലൂടെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞെങ്കിലും ഇത്തവണ വിജയിക്കുമെന്ന് ലീഗ് അഹങ്കരിച്ചിരുന്ന കുന്ദമംഗലത്തും, തിരുവമ്പാടിയിലും, താനൂരിലും, ഗുരുവായൂരിലും, എട്ടു നിലയിലാണ് ആ പാര്‍ട്ടി പൊട്ടിയിരിക്കുന്നത്. ലീഗ് കോട്ടയായി അറിയപ്പെടുന്ന തിരൂരങ്ങാടിയില്‍, 9,578 വോട്ടുകള്‍ക്ക് മാത്രമാണ് കെ.പി.എ മജീദ് വിജയിച്ചിരിക്കുന്നത്. ലീഗ് കോട്ടകള്‍ സുരക്ഷിതമല്ലന്ന സൂചനയാണ് ഇതെല്ലാം തന്നെ നല്‍കുന്നത്. താനൂരില്‍ പി.കെ ഫിറോസ് പരാജയപ്പെട്ടതും പെരിന്തല്‍മണ്ണയിലെ നേരിയ വിജയവും കോണ്‍ഗ്രസ്സിനും തികച്ചും അപ്രതീക്ഷിതമായിരുന്നു.

മലപ്പുറംജില്ലയിലെ വണ്ടൂരില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ്സ് നേതാവ് എ.പി അനില്‍കുമാറിന്റെ വോട്ടിങ് നിലയിലും ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 23,864 വോട്ടില്‍ നിന്നും 15,563 വോട്ടുകളായാണ് കുത്തനെ കുറഞ്ഞിരിക്കുന്നത്. വിജയിക്കുമെന്ന് കോണ്‍ഗ്രസ്സ് ഉറപ്പിച്ച നിലമ്പൂരില്‍ വിജയിക്കാന്‍ കഴിയാതിരുന്നതും മലപ്പുറത്തെ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചും വലിയ പ്രഹരം തന്നെയാണ്. പരമ്പരാഗതമായി ലീഗിനു മാത്രം വോട്ടുകുത്തിയിരുന്നു മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം മാറി ചിന്തിച്ചു തുടങ്ങിയതാണ് നിയമസഭ തിരഞ്ഞെടുപ്പിലൂടെ പ്രകടമായിരിക്കുന്നത്.

കമ്യൂണിസ്റ്റുകളാണ് …. മത നിഷേധികളാണ്… എന്നൊക്കെ പറഞ്ഞ് പുകമറ സൃഷ്ടിക്കുന്ന ലീഗിന്റെ പഴയ ഏര്‍പ്പാടൊന്നും പുതിയ കാലത്ത് ഒരിക്കലും വിലപ്പോവുകയില്ല. എല്ലാം തിരിച്ചറിയാനും വിലയിരുത്താനും ശേഷിയുള്ള ഒരു തലമുറ തന്നെയാണ് മലബാറിലും ഉള്ളത്. ഈ യാഥാര്‍ത്ഥ്യം ലീഗ് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സമസ്ത നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ നിലപാടുകളില്‍ ആ മാറ്റവും ഇപ്പോള്‍ പ്രകടമാണ്. പൗരത്വ സമരത്തിലും സംഘപരിവാറിനെതിരായ പോരാട്ടത്തിലും പിണറായി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റുകളെയാണ് മുസ്ലിംസമുദായം നിലവില്‍ നായകരായി കാണുന്നത്. അതല്ലാതെ ലീഗ് നേതാക്കളെയല്ല … അതും, ലീഗുകാര്‍ ഓര്‍ത്തു കൊള്ളണം.

പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിയെയും പതിനായിരങ്ങളുടെ മൃഗീയ ഭൂരിപക്ഷത്തിന് വിജയിപ്പിക്കുന്ന ലീഗ് കോട്ടകള്‍, മലപ്പുറം ജില്ലയില്‍ പോലും ഇപ്പോള്‍ അപൂര്‍വ്വമായാണ് മാറിക്കൊണ്ടിരിക്കുന്നത്. കളമശേരിയിലെ തോല്‍വിയിലൂടെ മലബാറിന് പുറത്ത് പതിറ്റാണ്ടുകളായി ലീഗ് നിലനിര്‍ത്തിപോന്ന മണ്ഡലവും കൈവിട്ടുപോയി കഴിഞ്ഞു. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ പൊന്നാനി കൂടി നഷ്ടമായാല്‍ പിന്നെ ഒരു തിരിച്ചു വരവ് ലീഗിനെ സംബന്ധിച്ച് വെറും സ്വപ്‌നം മാത്രമായാണ് അവശേഷിക്കുക. അതും ഓര്‍ത്താല്‍ നന്ന് ….

EXPRESS KERALA VIEW

Top