ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ പ്രക്ഷോഭത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു, നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനായി സമൂഹ മാധ്യമങ്ങള്‍ക്കു താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഫലപ്രഖ്യാപനമുണ്ടായ ചൊവ്വാഴ്ച തന്നെ വന്‍തോതില്‍ സുരക്ഷാസൈനികരെ തലസ്ഥാനത്തു വിന്യസിച്ചിരുന്നു.
പ്രസിഡന്റ് ജോക്കോ വിഡോഡോ രണ്ടാമൂഴം നേടിയ തെരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നെന്നും ഫലം അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ എതിരാളികള്‍ തെരുവിലിറങ്ങി സമരം തുടങ്ങിയത്. ജോക്കോ വിഡോഡോയ്ക്ക് 55.5 ശതമാനം വോട്ടു കിട്ടിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.
എതിരാളിയും മുന്‍ ജനറലുമായ സുബിയാന്തോ പരാജയം സമ്മതിക്കാന്‍ തയാറായില്ല. ഇന്നലെ ജക്കാര്‍ത്തയിലെ ഇലക്ഷന്‍ ഏജന്‍സി ഓഫീസിനു മുന്നില്‍ ജനങ്ങള്‍ സമരം നടത്തി.