election – jayalalitha – tamilnadu

ചെന്നൈ: 2016 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 227 നിയോജകമണ്ഡലങ്ങളില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.

മുഖ്യമന്ത്രി ജയലളിത ഇത്തവണയും ആര്‍കെ നഗറില്‍ തന്നെ ജനവിധിതേടും. പാര്‍ട്ടിയുമായി സഹകരണത്തിലുള്ള സഖ്യകക്ഷികള്‍ ഏഴ് നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കും.

ജയലളിതയുടെ വിശ്വസ്തനും തമിഴ്നാട് ധനമന്ത്രിയുമായ ഒ പനീര്‍ശെല്‍വം ഇത്തവണയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മന്ത്രിമാരായ ആര്‍ വിശ്വനാഥന്‍, ആര്‍ വൈത്തിലിംഗം, ഗോകുല ഇന്ദിര, ബി വളര്‍മതി തുടങ്ങിയവരും വിവിധ നിയോജക മണ്ഡലങ്ങളിലായി ജനവിധി തേടുന്നുണ്ട്. തമിഴ്നാട് മുന്‍ ഡിജിപി ആര്‍ നട്രാജിനേയും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

വിമത പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ഡിഎംഡികെയില്‍ നിന്നും പുറത്തായ എംഎല്‍എ കെ പാണ്ടിരാജന്‍ ഇത്തവണ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി, എഐഎസ്എംകെ, തമിഴ്നാട് കൊങ്കു ഇളങ്ക്യാര്‍ പേരവൈ, തമിഴ് മാനില മുസ്ലീം ലീഗ്, മുക്കുലത്തോര്‍ പുലിപ്പടൈ തുടങ്ങിയ ചെറുകക്ഷികള്‍ എഐഎഡിഎംകെയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടും.

അതേസമയം മുഖ്യ പ്രതിപക്ഷമായ ഡിഎംകെയിലെ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. മെയ് 16-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയും കോണ്‍ഗ്രസും സഖ്യകക്ഷികളായാണ് മത്സരിക്കുന്നത്. 41 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

Top